
പൂവാർ: ശക്തമായ മഴയെത്തുടർന്ന് തീരദേശമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ. കോട്ടുകാൽ പഞ്ചായത്തിലെ അടിമലത്തുറ അമ്പലത്തുമൂല പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. റോഡിൽ വെള്ളം നിറഞ്ഞൊഴുകാൻ തുടങ്ങിയതോടെ റോഡിലെ കുണ്ടും കുഴിയും കാണാനാകാതെ കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഓടകളിലൂടെ ഒഴുകിയെത്തിയ മലിനജലമാണ് താഴ്ന്ന പ്രദേശങ്ങളിൽ നിറഞ്ഞത്.നിരവധി വീടുകളിലും വെള്ളം കയറി.ചില വീടുകളിൽ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതി തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.മലിനജലം ദിവസങ്ങളോളം കെട്ടി നിൽക്കുന്നതിനാൽ പകർച്ചവ്യാധിഭീതിയും വർദ്ധിച്ചിട്ടുണ്ട്. മഴക്കെടുതി തീരദേശത്തെ തീരാദുരിതത്തിലാക്കി. ഇതിനെ അതിജീവിക്കാൻ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടലിൽ പോകാനാവാതെ
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മത്സ്യബന്ധനത്തിന് കടലിൽ പോകാൻ കഴിയാതായതോടെ തീരദേശ വാസികളുടെ ജീവിതം ദുരിതത്തിലാണ്. കാറ്റും മഴയും കടൽക്ഷോഭവും ശക്തമായി തുടരുന്നതിനാൽ കടലിൽ പോകരുതെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകൾ വന്നുതുടങ്ങുന്ന നാൾമുതൽ മത്സ്യത്തൊഴിലാളികൾ മാത്രമല്ല അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പ്രതിസന്ധിയിലാകും.
ആവശ്യങ്ങൾ
കടലിൽ പോകാനാവാത്ത മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സഹായം ഉറപ്പാക്കുക
തകരുന്ന മത്സ്യബന്ധന ഉപകരണങ്ങൾക്കും യാനങ്ങൾക്കും പകരം നൽകാൻ നടപടി സ്വീകരിക്കുക
പലിശരഹിത വായ്പകൾ ഉറപ്പാക്കുക
തീരപ്രദേശത്ത് സുരക്ഷാസേനയെ വിന്യസിക്കുക
വീടുകൾ നഷ്ടപ്പെടുന്ന തീരദേശവാസികൾക്ക് പുനരധിവാസം
തീരസംരക്ഷണം ഉറപ്പുവരുത്തുക
നിത്യചെലവുകൾക്കും വഴിയില്ല
മാസങ്ങളോളം നീണ്ടുനിന്ന കടൽക്ഷോഭവും കള്ളക്കടൽ പ്രതിഭാസവും ട്രോളിംഗ് നിരോധനവും ഇപ്പോൾ ആരംഭിച്ച മഴക്കെടുതിയും മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ആഭരണങ്ങൾ പണയപ്പെടുത്തിയും സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തും പലരും കടത്തിൽ മുങ്ങിക്കഴിഞ്ഞു. വട്ടിപ്പലിശക്കാരിൽ നിന്ന് കടമെടുത്തവരും കുറവല്ല. ബ്ലേഡ് മാഫിയകളെ ഭയന്ന് വീടിന് പുറത്തിറങ്ങാനാവാത്തവരുമുണ്ട്. അനുബന്ധ മേഖലയിൽ പണിയെടുത്തിരുന്ന സ്ത്രീത്തൊഴിലാളികൾക്കും ജോലി നഷ്ടപ്പെട്ടതോടെ നിത്യച്ചെലവുകൾക്കും വഴിയില്ലാതായി.
പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശവാസികളാണ് പ്രധാനമായും ദുരിതത്തിലായിരിക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |