
കാൽനടക്കാർക്ക് വഴിയില്ല, വാഹന യാത്രക്കാർക്ക് നിയമമില്ല
വർക്കല: വർക്കലയിലെ തിരക്കേറിയ റോഡുകളിൽ സീബ്രാലൈൻ ഉണ്ടായിട്ടും കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയാത്ത അവസ്ഥയാണ്. നഗരത്തിലെ പ്രധാന റോഡുകൾ അപകടമേഖലയായി തുടരുകയാണെന്ന വ്യാപക പരാതിയുണ്ട്.
റോഡിന്റെ ഇരുവശങ്ങളിലും നിയന്ത്രണമില്ലാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങളും അമിത വേഗതയിൽ പായുന്ന ചില ഓട്ടോറിക്ഷകളും സ്വകാര്യ ബസ് സർവീസുകളും കാൽനട യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നതാണ്.
മൈതാനം-അണ്ടർപാസ്സേജ് റോഡ്, മൈതാനം-വർക്കലക്ഷേത്രം റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നീ ഭാഗങ്ങളിൽ റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടാണ്. റോഡിൽ സീബ്രാലൈൻ മാർക്ക് ചെയ്തിട്ടുണ്ടെങ്കിലും വാഹനയാത്രികർ പലപ്പോഴും കാൽനട യാത്രക്കാരെ പരിഗണിക്കാറില്ല.
ശ്രദ്ധ പാളിയാൽ അപകടം
വർക്കല പൊലീസ് സ്റ്റേഷൻ-അണ്ടർ പാസേജ് റോഡിലും പെഡസ്ട്രിയൻ ക്രോസിംഗ് ഇല്ല. റോഡിന്റെ ഇരുഭാഗത്തും വാഹന പാർക്കിംഗ് കൂടിയാകുമ്പോൾ വാഹനങ്ങൾക്ക് പോകുന്നതിനുള്ള റോഡിന്റെ വീതിയും കുറയും. ബാങ്കുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും എത്തുന്നവർക്ക് റോഡ് ക്രോസ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ദിവസവും നൂറുകണക്കിന് ആളുകളെത്തുന്ന ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സ്ഥിതിചെയ്യുന്ന പുത്തൻചന്ത ജംഗ്ഷനിലും സ്ഥിതി വിഭിന്നമല്ല. അഞ്ച് റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനാണ് പുത്തൻചന്ത. ജംഗ്ഷനിൽ ബസിറങ്ങി ആശുപത്രിയിലേക്ക് കടക്കാനും റോഡ് ക്രോസ് ചെയ്യാനുമൊക്കെ വൃദ്ധരും സ്ത്രീകളുമടക്കം ബുദ്ധിമുട്ടുകയാണ്.
താല്പര്യാർത്ഥം... നോ
പാർക്കിംഗ് ബോർഡുകൾ
പ്രധാന റോഡുകളിൽ പലയിടങ്ങളിലും ചില ഷോപ്പ് ഉടമകൾ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. ഇത് പലപ്പോഴും വാഹന ഉടമകളും സ്ഥാപന ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിനിടയാക്കാറുണ്ട്. റോഡിന്റെ വീതി കൂടിയ ഇടങ്ങളിൽ നടപ്പാതയോടുചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നഗരസഭ അധികൃതർ നടപടിയെടുക്കണമെന്ന അഭിപ്രായവുമുണ്ട്. വർക്കല ക്ഷേത്രം റോഡിലും റെയിൽവേ സ്റ്റേഷൻ റോഡിലും പൊലീസിന്റെ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത് പൊലീസിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെയാണ്.
നടപ്പാതയിലും
വാഹന പാർക്കിംഗ്
നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്. മിക്കയിടങ്ങളിലും തെരുവോരക്കച്ചവടം കാൽനട യാത്രക്കാരെ വലയ്ക്കുന്നുണ്ട്.കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്തത് വ്യാപാര മേഖലയെയും ബാധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |