കോഴിക്കോട്: പഠന പ്രവർത്തനങ്ങളും പരീക്ഷണങ്ങളുമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന 67ാ മത് റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളകൾക്ക് ശാസ്ത്ര നാടകത്തോടെ തുടക്കം. ജില്ലാ ശാസ്ത്രോത്സവത്തിന്റെ രജിസ്ട്രേഷനും ഇന്നലെ പൂർത്തിയായി. ഇന്നും നാളെയും ആർ.കെ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ, ഗവ.വി.എച്ച്.എസ്.എസ് മീഞ്ചന്ത, ഗവ. വി.എച്ച്.എസ്.എസ് ചെറുവണ്ണൂർ, എം.എം.വി.എച്ച്.എസ് പരപ്പിൽ എന്നിവിടങ്ങളിലാണ് മേളകൾ അരങ്ങേറുക. പ്രധാന വേദിയായ ആർ. കെ.മിഷൻ ഹയർസെക്കൻഡറി സ്കൂളിൽ എം.കെ. രാഘവൻ എം.പി ഇന്ന് മേള ഉദ്ഘാടനം ചെയ്യും. അഹമ്മദ് ദേവർ കോവിൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇന്ന് 12 വിഭാഗങ്ങളിലായി 300 കുട്ടികളും, നാളെ 14 വിഭാഗങ്ങളിലായി 500 കുട്ടികളും പങ്കെടുക്കും. പ്രസന്റേഷൻ നിർമ്മാണം, ആനിമേഷൻ, വെബ് പേജ് ഡിസൈൻ, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങൾ മേളയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. വി.എച്ച്.എസ്.സി സ്‌കിൽ ഫെസ്റ്റിവൽ ചെറുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ്. വിദ്യാർത്ഥികളുടെ വൊക്കേഷണൽ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനോപ്പം കരിയർ ഫെസ്റ്റ്, സെമിനാറുകൾ, ഉത്പന്ന സ്റ്റാളുകൾ എന്നിവയും സംഘടിപ്പിക്കും. ഗണിതശാസ്ത്ര മേളയുടെ ഭാഗമായി രാമാനുജൻ പേപ്പർ പ്രസ ന്റേഷൻ (എച്ച്.എസ്.എസ് വിഭാഗം), ഭാസ്കരാചാര്യ സെമിനാർ (എച്ച്.എസ് ) എന്നിവ നടന്നു.
പ്രധാന വേദികൾ
ആർ.കെ മിഷൻ എച്ച്.എസ്.എസ് മീഞ്ചന്ത; ഹെെസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേള, ഐ.ടി മേള.
ജി.വി.എച്ച്.എസ്.എസ് മീഞ്ചന്ത; സയൻസ് മേള.
എം.എം.വി.എച്ച്.എസ്.എസ് പരപ്പിൽ: സോഷ്യൽ സയൻസ് മേള.
ജി.വി.എച്ച്.എസ്.എസ് ചെറുവണ്ണൂർ: ഗണിത ശാസ്ത്രമേള.
ഹരിത സൗഹൃദം
മേള പരിസ്ഥിതി സൗഹൃദമാക്കാൻ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി സജ്ജമായി. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതി പ്രസരം ഒഴിവാക്കുന്നതിനായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ കീഴിൽ സൗഹൃദ വല്ലം മെടയൽ മത്സരം സംഘടിപ്പിച്ചു. തെങ്ങോലകൾ കൊണ്ട് മെടഞ്ഞ കുട്ടയിൽ മാലിന്യം ശേഖരിക്കും. കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷനും ജില്ലാ ശുചിത്വമിഷനും ചേർന്നാണ് പദ്ധതി നിറവേറ്റുന്നത്. കുട്ടികളിൽ പ്രകൃതിയോടുള്ള കടപ്പാടും സൗഹൃദവും നിറവേറ്റുന്നതിനായി നൂതനമായ കായിക വിനോദങ്ങളും ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റിയുടെ കീഴിൽ ഒരുക്കിയിട്ടുണ്ട്. മേളയുടെ ഓർമ്മയ്ക്കായി പരിപാടികൾ നടക്കുന്ന സ്കൂളുകളിൽ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |