
പത്തനംതിട്ട: ജില്ലയിലെ അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾ മുന്നൊരുക്കങ്ങൾ തുടങ്ങി. അടുത്തമാസം ആദ്യ ആഴ്ച തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുമെന്നാണ് സൂചന. സംവരണ വാർഡുകളുടെ പുനർനിർണയം കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയിരുന്നു.
ഗ്രാമപഞ്ചായത്ത്, ബ്ളോക്ക്, നഗരസഭ, ജില്ലാ പഞ്ചായത്തു വാർഡുകളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ചർച്ചകൾ എൽ.ഡി.എഫും യു. ഡി.എഫും എൻ.ഡി.എയും തുടങ്ങി. വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്നാണ് വാർഡു കമ്മിറ്റികൾക്ക് ജില്ലാ കമ്മിറ്റികൾ നൽകിയിരിക്കുന്ന നിർദേശം. ചില വാർഡുകളിൽ പൊതുസമ്മതരായ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞു.
യു.ഡി.എഫ്
മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ ബ്ളോക്ക് കമ്മിറ്റികൾ തിരഞ്ഞെടുപ്പ് ചർച്ചയ്ക്ക് ഇന്ന് ഡി.സി.സി ഒാഫീസിൽ യോഗം ചേരും. ഘടക കക്ഷികളുമായുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന്റെ വാർഡ് പുന:സംഘടന നേരത്തേ പൂർത്തിയാക്കിയത് പത്തനംതിട്ട ഡി.സി.സിയാണ്. കെ.പി.സി.സിയുടെ അഭിനന്ദനവും ഡി.സി.സിക്ക് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സീറ്റുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവയ്ക്കുന്ന പ്രവണത ഇത്തവണയുണ്ടാകില്ലെന്ന കർശന നിലപാടിലാണ് നേതൃത്വം. വിജയസാദ്ധ്യത മാത്രമാണ് മാനദണ്ഡം. മണ്ഡലം, ജില്ലാ കോർകമ്മിറ്റികളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും സ്ഥാനാർത്ഥികളെ തീരുമാനിക്കുക. മുൻ തിരഞ്ഞെടുപ്പിലെ സീറ്റുധാരണകൾ നിലനിറുത്താനാണ് സാദ്ധ്യത. ഘടക കക്ഷികൾക്ക് വിജയസാദ്ധ്യതയില്ലാത്ത വാർഡുകൾ കോൺഗ്രസുമായി വച്ചുമാറുന്നതിന് ചർച്ചകൾ നടത്തും.
എൽ.ഡി.എഫ്
തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നേരത്തേ തുടങ്ങി, വോട്ടർ പട്ടിക സമഗ്രമായി പരിശോധിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന അന്തിമ വോട്ടർപട്ടിക വീണ്ടും പരിശോധിക്കും. വാർഡ് വിഭജന ചർച്ചകൾ താഴെ ഘടകങ്ങളിൽ നടക്കുന്നു. വാർഡ് യോഗങ്ങൾ കഴിഞ്ഞയാഴ്ച പൂർത്തിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിനായിരുന്നു നേട്ടം. അതിൽ നിന്ന് സീറ്റുകളുയർത്താനുള്ള മത്സരമാണ് നടത്തുന്നത്. സി.പി.എം പ്രത്യേകമായി ബ്രാഞ്ചുകളിൽ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാദ്ധ്യതയുള്ള വാർഡുകളിൽ പാർട്ടി പ്രവർത്തകർക്കാണ് പരിഗണന. വോട്ടുകളുടെ കാര്യത്തിൽ യു.ഡി.എഫുമായി വലിയ അകലമുള്ള വാർഡുകളിൽ പൊതുസമ്മത സ്ഥാനാർത്ഥികളെ പരിഗണിക്കും.
എൻ.ഡി.എ
ജില്ലയിൽ നഗരസഭകൾ ഉൾപ്പെടെ 25 പഞ്ചായത്തുകളിൽ ഭരണം എന്നതാണ് എൻ.ഡി.എ ലക്ഷ്യം. കവിയൂർ, കുളനട, ചെറുകോൽ പഞ്ചായത്തുകളും പന്തളം നഗരസഭയും എൻ.ഡി.എയാണ് ഭരിക്കുന്നത്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങി. ബി.ജെ.പി പാർട്ടി ചിഹ്നത്തിൽ തന്നെ പരമാവധി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും. പ്രധാന ഘടക കക്ഷിയായ ബി.ഡി.ജെ.എസ് കൂടുതൽ സീറ്റുകൾ ചോദിക്കുന്നുണ്ട്. വോട്ടർ പട്ടികയുടെ സൂക്ഷമമായ പഠനം മണ്ഡലം കമ്മിറ്റികളാണ് നടത്തുന്നത്. ഇത്തവണ ജനപ്രതിനിധിയില്ലാത്ത ഒരു പഞ്ചായത്തുപോലും ഉണ്ടാകാൻ പാടില്ലെന്നാണ് താഴെ ഘടകങ്ങൾക്ക് ബി.ജെ.പി നേതൃത്വം നൽകിയ നിർദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |