ദേവികുളത്ത് പുതിയ ആശുപത്രി: മന്ത്രി വീണാ ജോർജ്
അടിമാലി: താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു.വിസ്തൃതമായ ദേവികുളം താലൂക്കിൽ ദേവികുളത്ത് പുതിയ ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ കാത്ത്ലാബിന് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും കഴിയുന്നതും വേഗം കാത്ത്ലാബ് യാഥാർഥ്യമാക്കുന്നതിനുള്ള നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. അടിമാലി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മന്ത്രി നേരിട്ടെത്തി നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു.
എ.രാജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രാദേശിക ഉദ്ഘാടനവും, പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും, മാമോഗ്രാം സ്വിച്ച് ഓൺകർമ്മവും എം.എൽ.എ നിർവഹിച്ചു.ഒ.പി, അത്യാഹിത വിഭാഗം, ഡയഗനോസ്റ്റിക് വിഭാഗം എന്നിവയാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുക. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 13.91 കോടി രൂപ ചെലവഴിച്ചാണ് ഒ.പി, ഡയഗനോസ്റ്റിക് ബ്ലോക്ക്, മാമോഗ്രാം എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. യോഗത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കോയ അമ്പാട്ട്, മേരി ജോർജ്, സനില രാജേന്ദ്രൻ, ജയ മധു എന്നിവർ പ്രസംഗിച്ചു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി. ഹരിപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |