
ആലപ്പുഴ: കായിക മത്സരമായ അയൺമാൻ ട്രയത്തലോണിൽ ഒരേദിവസം മാറ്റുരച്ച് വിജയികളായി അച്ഛനും മകനും.ആലപ്പുഴ ഡെന്റൽ ഹോം ഉടമ ഡോ.രൂപേഷ് (45), മകൻ ആരുഷ് ആർ.റാവു (14) എന്നിവരാണ് അയൺമാൻ പട്ടം കരസ്ഥമാക്കിയ താരങ്ങൾ.സൈക്ലിംഗ്, നീന്തൽ, ഓട്ടം എന്നീ ഇനങ്ങൾ ഒരുമിക്കുന്ന മത്സരമാണ് ട്രയത്തലോൺ.മൂന്നിനങ്ങളും വേഗത്തിൽ പൂർത്തിയാക്കുന്നവർക്കാണ് അയൺമാൻ പട്ടം നൽകുന്നത്.നാല് കിലോമീറ്റർ കടലിലോ, നദിയിലോ നീന്തിക്കഴിഞ്ഞ ഉടൻ 180 കിലോമീറ്റർ സൈക്ലിംഗ്, തുടർന്ന് 42.2 കിലോമീറ്റർ ഓടണം. 16 മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കുകയും വേണം.13 മണിക്കൂറും എട്ട് മിനിട്ടും കൊണ്ടാണ് ഡോ.രൂപേഷ് മത്സരം പൂർത്തിയാക്കിയത്. സ്പെയിനിലെ ബാർസിലോനയ്ക്ക് അടുത്തുള്ള കലേല്ലയിൽ ഒക്ടോബർ അഞ്ചിനായിരുന്നു മത്സരം. 2022ൽ എസ്റ്റോണ, 2023ൽ സ്വീഡൻ, 2024 ഇറ്റലി എന്നീ രാജ്യങ്ങളിലും രൂപേഷ് അയൺമാൻ പട്ടം നേടിയിരുന്നു.കുട്ടികളുടെ വിഭാഗത്തിലായിരുന്നു ആരുഷ് തിളങ്ങിയത്.പ്രോത്സാഹനാർത്ഥം കുട്ടികളുടെ വിഭാഗം മത്സരത്തിന് ഇളവുകളുണ്ട്.
ആരുഷ്, അയൺമാൻ ആരാധകൻ
മാർവൽ കോമിക്സ് പ്രസിദ്ധീകരിച്ച അമേരിക്കൻ കോമിക്ക് പുസ്തകങ്ങളിലെ സാങ്കൽപ്പിക സൂപ്പർഹീറോയാണ് അയൺ മാൻ.അച്ഛൻ നേടിയ അയൺമാൻ പട്ടങ്ങളാണ് അയൺമാൻ ആരാധകനായ ആരുഷിന് മത്സരത്തിൽ പങ്കെടുക്കാൻ പ്രചോദനമായത്.നവംബർ രണ്ടിന് തൃശൂരിൽ നടക്കുന്ന ട്രയത്തലോൺ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് അച്ഛനൊപ്പം ആരുഷും.നീന്തൽ, സൈക്ലിംഗ്, ഓട്ടം എന്നിവയോടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാവും മത്സരം.ഭാര്യ സുശീല, മൂത്തമകൻ സുരേഷ് റാവു എന്നിവരും ഡോ.രൂപേഷിനൊപ്പം ഹാഫ് ട്രയത്തലോൺ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |