അമ്പലപ്പുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡോക്ടർമാർ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി വിഭാഗം സേവനം ബഹിഷ്കരിക്കും. ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ 5,13, 21, 29 തീ യതികളിലും ഡോക്ടർമാർ ഒ.പി ബഹിഷ്കരിക്കുമെന്ന് കെ.ജി.എം.സി.ടി.എ ഭാരവാഹികൾ പറഞ്ഞു. പണിമുടക്കുന്ന ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്കരിക്കും. എന്നാൽ അത്യാഹിതം, ലേബർ റൂം, ഐ.സി.യു തുടങ്ങിയ ഇടങ്ങളിൽ ചികിത്സ മുടങ്ങില്ല.
എൻട്രി കേഡർ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളത്തിലെ അപാകതകൾ ഉടൻ പരിഹരിച്ച് പി.എസ്.സി നിയമനങ്ങൾ ഊർജിതപ്പെടുത്തുക, ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക. അനവസരത്തിലുള്ള താൽക്കാലിക സ്ഥലംമാറ്റങ്ങൾ നടത്തി എൻ.എം.സി.യുടെ കണ്ണിൽ പൊടിയിടാതെ സ്ഥിരം നിയമനങ്ങൾ നടത്തുക. രോഗികളുടെ എണ്ണത്തിന്റെയും ചികിത്സാ രീതികളുടെയും അനുപാതികമായി ഡോക്ടർമാരുടെ തസ്തികകളുടെ എണ്ണം വർദ്ധിപ്പിക്കുക. മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങിയവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ. വരുംദിവസങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായി അനിശ്ചിതകാലസമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം റ്റി, ജനറൽ സെക്രട്ടറി ഡോ. അരവിന്ദ് സി.എസ്. എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |