
ആലപ്പുഴ : ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയെ കായൽ കൈയേറ്റം ഉൾപ്പെടെയുള്ള നിയമലംഘനങ്ങളുടെ പേരിൽ രാജി വയ്പിച്ച അതേ തന്ത്രം പി.എം.ശ്രീ വിഷയത്തിലും പയറ്റാൻ സി.പി.ഐ.
പി.എം ശ്രീയോട് തുടക്കം മുതലുള്ള നിലപാടിൽ മാറ്റമില്ലെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും വ്യക്തമാക്കിയാണ് മന്ത്രിസഭായോഗത്തിൽ നിന്ന് തങ്ങളുടെ മന്ത്രിമാരെ മാറ്റി നിറുത്തി ഇടതുമുന്നണിയെ സി.പി.ഐ സമ്മർദ്ദത്തിലാക്കുന്നത്. പുന്നപ്ര- വയലാർ രക്തസാക്ഷിത്വ വാർഷിക വാരാചരണത്തിന്റെ സമാപനത്തിൽ മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും വേദി പങ്കിടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സി.പി.ഐ കൈക്കൊണ്ട നിലപാട് സി.പി.എമ്മിന് ഷോക്ക് ട്രീറ്റ്മെന്റായി. പി.എം ശ്രീയിൽ ഒപ്പിട്ടതിനെ ന്യായീകരിച്ച മുഖ്യമന്ത്രി മുൻകൈയെടുത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷവും സി.പി.ഐയെ അനുനയിപ്പിക്കാൻ കഴിയാതെ പോയതും, മന്ത്രിസഭാ യോഗ ബഹിഷ്കരണമെന്ന നിലപാടും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിയെ ഞെട്ടിച്ചു.
കുട്ടനാട്ടിലെ കായൽ കൈയേറ്റമുൾപ്പെടെയുള്ള നിയമ ലംഘനങ്ങളിൽ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മന്ത്രി സ്ഥാനം രാജി വയ്ക്കാതിരുന്നപ്പോഴാണ് 2017 നവംബറിൽ തോമസ് ചാണ്ടിക്കെതിരെ സി.പി.ഐ കടുത്ത നിലപാടെടുത്തത്. ചാണ്ടി പങ്കെടുക്കുന്ന യോഗത്തിനില്ലെന്ന് വ്യക്തമാക്കിയ സി.പി.ഐയുടെ നാലു മന്ത്രിമാരും അന്ന് മന്ത്രിസഭായോഗം ബഹിഷ്കരിച്ചു . മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടി സംബന്ധിച്ചപ്പോൾ ,സി.പി .ഐ മന്ത്രിമാരായിരുന്ന ഇ. ചന്ദ്രശേഖരൻ, കെ.രാജു, പി.തിലോത്തമൻ, വി.എസ്.സുനിൽ കുമാർ എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ ഇ.ചന്ദ്രശേഖരന്റെ ഓഫീസിൽ ഒത്തുചേർന്നു. ഇക്കാര്യമറിയിച്ച് അവർ മുഖ്യമന്ത്രിക്ക് കത്തു നൽകുകയും ചെയ്തതോടെ ,എല്ലാ വഴിയും അടഞ്ഞ തോമസ് ചാണ്ടി 2017 നവംബർ 15ന് രാജി വച്ചു.
സി.പി.ഐയ്ക്ക് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം
പുന്നപ്ര-വയലാർ വാരാചരണത്തിന്റെ സമാപനച്ചടങ്ങിൽ സി.പി.ഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ നിലകൊള്ളുന്നതെന്നും പദ്ധതികൾ മുടക്കുന്നവർക്കൊപ്പം അല്ലെന്നുമായിരുന്നു
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ ഒളിയമ്പ്.
2016ൽ എൽ.ഡി.എഫ് വന്നപ്പോൾ മുതൽ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടു. സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കിലേ നാടിനെ മുന്നോട്ട് നയിക്കാനാകൂ. പിന്നോട്ടു നോക്കിയാൽ അത് മനസ്സിലാകും. ഡിസംബറിൽ ദേശീയ പാതയുടെ നല്ലൊരു ഭാഗം പൂർത്തിയാക്കും. നിധിൻ ഗഡ്കരി ജനുവരിയിൽ കേരളത്തിൽ വരുമ്പോൾ ഉദ്ഘാടനം നടത്തും. ജനം ആഗ്രഹിക്കുന്നത് വികസനമാണ്. പദ്ധതികൾ നടപ്പാക്കുമ്പോൾ ഒപ്പം നിൽക്കുകയല്ലേ വേണ്ടത് ? കേന്ദ്രം സാമ്പത്തികമായി ഞെരുക്കി. വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. മുണ്ടക്കൈ - ചൂരൽമല മാതൃക ടൗൺഷിപ്പ് ജനുവരിയിൽ യാഥാർത്ഥ്യമാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, പി.എം ശ്രീയെപ്പറ്റി മിണ്ടിയില്ല. പുന്നപ്ര -വയലാർ സമരസേനാനികളുടെ വിവരങ്ങളടങ്ങിയ "പുന്നപ്ര വയലാർ സമരസേനാനികൾ" - ഡയറക്ടറിയുടെ പ്രകാശനം ബിനോയ് വിശ്വത്തിന് കൈമാറി മുഖ്യമന്ത്രി നിർവഹിച്ചു.
ജനങ്ങളെ മറന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുപോകില്ല: ബിനോയ്
പി.എം ശ്രീയെയും ദേശീയ വിദ്യാഭ്യാസ നയത്തെയും വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുന്നപ്ര-വയലാർ വാർഷിക വാരാചരണ ചടങ്ങിൽ പുന്നപ്ര-വയലാർ ഡയറക്ടറി മുഖ്യമന്ത്രിയിൽ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പക്കാരെ പിടികൂടാനുള്ള ആർ.എസ്.എസിന്റെ വിദ്യാഭ്യാസ പദ്ധതിയോട് ഈ നാട് സഹകരിക്കില്ല. അവർ ക്ലാസ് മുറികളെ പിടികൂടി വർഗീയ ഭ്രാന്തും പഠിപ്പിക്കും. "അവർ എന്നും നമ്മൾ എന്നും"ഉള്ള വേർതിരിവ് ഉണ്ടാക്കും. ജനങ്ങളെ മറന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുപോകില്ല. എല്ലാ മേഖലകളിലും വളർച്ച നേടുമ്പോൾ ഇടതുപക്ഷ സർക്കാരുകൾ അതിന്റെ കേന്ദ്രസ്ഥാനത്തു മനുഷ്യരെ പ്രതിഷ്ഠിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിന് ഉജ്ജ്വലമായ ചരിത്രം പറയാനുണ്ട്. ആ വഴിക്കാണ് നാം പോകേണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യവസായം അടക്കം എല്ലാ മേഖലകളിലും എൽ.ഡി.എഫ് വിജയത്തിന്റെ പ്രകാശവുമായി കേരള മോഡൽ മുന്നോട്ട് പോകുന്നു. ഈ പ്രകാശ പ്രവാഹത്തെ തടയാൻ ആർക്കുമാകില്ല.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |