
തൃശൂർ: മഴയൊന്ന് പെയ്താൽ ദേശീയപാതയിൽ തോരാദുരിതം. ഇരുചക്ര വാഹനയാത്രക്കാർക്കും ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കുമാണ് ഏറെ ബുദ്ധിമുട്ട്. മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ പതിനഞ്ചോളം സ്ഥലങ്ങളിലാണ് വെള്ളക്കെട്ട്. പാലക്കാട് ഭാഗത്ത് നിന്നും തൃശൂരിലേക്കുള്ള പാതയിൽ മണ്ണുത്തി ബൈപാസിലേക്ക് കയറുന്നതിന് മുൻപും കാർഷിക സർവകലാശാല ആസ്ഥാനത്തിന് മുൻപമുള്ള മേൽപ്പാലങ്ങൾ, മുളയം റോഡ്, വഴുക്കുംപാറ, കുതിരാൻ മേൽപ്പാലം, വാണിയമ്പാറ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട്.
വെള്ളക്കെട്ടുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ തൊട്ടടുത്ത ട്രാക്കിൽ നിന്നും വെള്ളം തെറിക്കുന്നത് നിയന്ത്രണം നഷ്ടപ്പെടുത്തുന്നുവെന്നാണ് ബൈക്ക് യാത്രികരുടെ ഉൾപ്പെടെ പരാതി. ഇന്ന് രാവിലെ മുതലുണ്ടായ മഴയിൽ ദേശീയപാത 544ൽ പലയിടത്തും ഒരു അടിയോളമുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. മണ്ണുത്തി മേൽപ്പാലത്തിന് മുകളിലെ വെള്ളക്കെട്ടിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അടുത്തിടെ അപകടം നടന്നിരുന്നു. ഒരു അഭിമുഖത്തിനായി കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന യുവാവായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്.
കുരുക്ക് അഴിയാതെ പാലക്കാട്ടേയ്ക്കുള്ള പാത
സർവീസ് റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കിയെങ്കിലും തൃശൂരിൽ നിന്നും പാലക്കാട്ടേയ്ക്കുള്ള റോഡിൽ കുരുക്ക് തുടരുന്നു. അടിപ്പാത നിർമ്മാണം നടക്കുന്ന മുടിക്കോട് ഭാഗത്താണ് കുരുക്ക് അനുഭവപ്പെടുന്നത്. മഴ പെയ്തതോടെ ഇവിടെയുള്ള സർവീസ് റോഡ് തകരാൻ തുടങ്ങിയിട്ടുണ്ട്. തുലാംമഴ തുടങ്ങിയ ശേഷം അടിപ്പാത നിർമ്മാണ പ്രവൃത്തിയും ഇഴയുകയാണ്. കുതിരാൻ തുരങ്കത്തിന് മുൻപിലുള്ള മേൽപ്പാലത്തിൽ റോഡ് പൊളിച്ചു പണിയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |