
തൃശൂർ : കോർപറേഷന് നൽകാത്ത ഫണ്ട് ചെലവഴിച്ചില്ലെന്ന് അവകാശപ്പെട്ട് സുരേഷ് ഗോപി നടത്തിയ പ്രചരണത്തിനെതിരെ കൗൺസിലിൽ എൽ.ഡി.എഫിന്റെയും കോൺഗ്രസിന്റെയും വിമർശനം. കേന്ദ്രമന്ത്രി സുരേഷ് ഗോപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇരു വിഭാഗവും വിമർശനമുന്നയിച്ചു. എന്നാൽ കിട്ടിയ ഫണ്ട് ചെലവഴിക്കാൻ തയ്യാറാകാത്ത ഭരണസമിതിയാണിതെന്ന് ബി.ജെ.പിയുടെ വിനോദ് പൊള്ളാഞ്ചേരിയും എൻ.പ്രസാദും പ്രത്യാരോപണമുന്നയിച്ചു.
കോർപറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപയ്ക്ക് ഭരണാധികാരികൾ തുരങ്കം വച്ചുവെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇങ്ങനെയൊരു ഫണ്ട് കോർപറേഷന് ലഭിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയേൽ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, അനീസ് എന്നിവരാണ് വിമർശനവുമായെത്തിയത്.
സുരേഷ് ഗോപിയുടെ ജയത്തെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ കൗൺസിലർമാർ അതിൽ ജനം ഇപ്പോൾ പശ്ചാത്തപിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. നൽകാത്ത ഫണ്ട് ചെലവഴിച്ചില്ലെന്ന തെറ്റായ പരാമർശം സുരേഷ് ഗോപി തിരുത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
14.20 കോടിയെങ്കിൽ സ്വകാര്യരെന്തിന് ?
ഖേലോ ഇന്ത്യ പദ്ധതിയിൽ 14.20 കോടി ലഭിക്കുമെന്നിരിക്കെ ആയതിൽ എട്ട് ലൈൻ സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിന് ഒമ്പതരക്കോടിയും ഫുട്ബാൾ ടർഫിനും, അനുബന്ധ സൗകര്യത്തിനും 4.70 കോടിയും ലഭ്യമാക്കുമ്പോൾ, പിന്നെ എന്തിനാണ് യൂണിഫൈഡ് ഫുട്ബാൾ സ്‌പോർട്‌സ് ഡെവലപ്പ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിനെ ടർഫ് നിർമ്മാണത്തിനും, പരിപാലനത്തിനും ഏൽപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ ചോദിച്ചു. ഖേലോ ഇന്ത്യയിൽ കോർപറേഷൻ നൽകിയ 14.20 കോടിയുടെ ഒറ്റപദ്ധതി രണ്ടായി നൽകണമെന്ന് ആവശ്യപ്പെടാനും കൗൺസിൽ യോഗം തീരുമാനിച്ചു. ജയപ്രകാശ് പൂവത്തിങ്കൽ, സിന്ധു ആന്റോ ചാക്കോള, മുകേഷ് കൂളപറമ്പിൽ, കെ.രാമനാഥൻ, പൂർണിമ സുരേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ജനകീയ വിഷയങ്ങളും കൗൺസിലിൽ
തെരുവുനായ ശല്യവും ശക്തൻ നഗറിലെ വെള്ളക്കെട്ടും നടുവിലാലിലെ അനധികൃത നിർമ്മാണവുമെല്ലാം കൗൺസിൽ യോഗത്തിൽ വിമർശനമായി ഉയർന്നു. തെരുവ് നായ്ക്കളുടെ ശല്യവും, ഉപദ്രവവും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും, അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉപനേതാവ് ഇ.വി.സുനിൽരാജ് കൗൺസിലിൽ ആവശ്യപ്പെട്ടപ്പോൾ, നിസഹായാവസ്ഥ പറഞ്ഞ് ഒന്നും ചെയ്യാനാകില്ലായെന്നും മേയർ വ്യക്തമാക്കി.
നൽകാത്ത ഫണ്ട് ചെലവഴിച്ചില്ലെന്ന് ജനപ്രതിനിധി പറയുന്നത് ശരിയല്ല. എം.പിയും മന്ത്രിയുമെന്ന നിലയിൽ പദ്ധതി നടപ്പാക്കാൻ സുരേഷ് ഗോപി മുൻകൈയെടുക്കണം.
എം.കെ.വർഗീസ്
മേയർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |