സമുച്ചയം ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടര വർഷം
കൊല്ലം: ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിനൊപ്പം വിഭാവനം ചെയ്തിരുന്ന ഗുരുദേവ സ്മരണാകേന്ദ്രം ഉത്തരവാദപ്പെട്ടവർ സൗകര്യപൂർവം മറന്നു! ഗുരുദേവനെപ്പറ്റിയുള്ള ഓർമ്മകൾ ഇത്രയൊക്കെ മതിയെന്ന ചിന്തയാണോ പിന്നലെന്നത് വ്യക്തമല്ല. സമുച്ചയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വർഷം പിന്നിടുമ്പോഴും ഗുരുദേവസ്മരണാ കേന്ദ്രം സജ്ജമാക്കാനുള്ള നടപടികൾ മെല്ലെപ്പോക്കിലാണ്.
ഗുരുദേവന്റെ ജീവിതത്തിലെ നിർണായക സന്ദർഭങ്ങളുടെ ചിത്രങ്ങൾ, ഗുരുദേവകൃതികൾ, ഗുരുദേവനെക്കുറിച്ചുള്ള കൃതികൾ തുടങ്ങിയവയുടെ പ്രദർശനം, പഠനം എന്നിവയായിരുന്നു ലക്ഷ്യം. ദേശസഞ്ചാരത്തിനിടെ ഗുരുദേവൻ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തങ്ങിയിട്ടുണ്ട്. ധ്യാനത്തിലിരുന്ന സ്ഥലങ്ങളും പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളുമുണ്ട്. ഗുരുദേവൻ വിശ്രമിക്കാൻ ഉപയോഗിച്ച ചാരുകസേര, കട്ടിൽ തുടങ്ങിയവ പലവീടുകളിലും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. ഇവയൊക്കെ സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രമായി ഗുരുദേവസ്മരണാ കേന്ദ്രം മാറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനായി നീക്കിവച്ചിരിക്കുന്ന ഹാൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
പുരാവസ്തു വകുപ്പിന് കൈമാറണം
രൂപരേഖ തയ്യാറായാലും സർക്കാർ പണം അനുവദിച്ചെങ്കിൽ മാത്രമേ, കേന്ദ്രം സജ്ജമാക്കാനാകു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗുരുദേവ സ്പർശമുള്ളവ കണ്ടെടുത്ത് സംരക്ഷിക്കാനും പ്രദർശിപ്പിക്കാനും കേന്ദ്രത്തിനായി മാറ്റിവച്ചിരിക്കുന്ന സ്ഥലം പുരാവസ്തു വകുപ്പിന് കൈമാറണമെന്നും ആവശ്യമുണ്ട്. സാംസ്കാരിക സമുച്ചയത്തിൽ ചെറിയൊരു ഇടത്തിനായി പല സർക്കാർ ഏജൻസികളും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ഇതിന് വഴങ്ങിക്കൊണ്ട്, ഗുരുദേവ സ്മരണാ കേന്ദ്രത്തിനായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലം മറ്റുള്ളവർക്ക് കൈമാറുമോയെന്ന് ആശങ്കയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |