നെൽകർഷക സംരക്ഷണ സമിതി മാർച്ച് ഇന്ന്
ആലപ്പുഴ : നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമളെ കൂടി ഉൾപ്പെടുത്തി കൃഷി, ധനം, ഭക്ഷ്യ- പൊതുവിതരണം, വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്നചർച്ചയിൽ തീരുമാനം ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് കർഷകർ. കൊച്ചിയിൽ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നെങ്കിലും മില്ലുടമകൾ ഇല്ലാതിരുന്നതിനാൽ വേഗത്തിൽ പിരിഞ്ഞു. അതിനിടെ, നെല്ല് സംഭരണമുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
രണ്ടാംകൃഷിയുടെ നെല്ല് സംഭരണം സംബന്ധിച്ച് നയവും വിലയും പ്രഖ്യാപിക്കാൻ സർക്കാരും സംഭരണത്തിന് മില്ലുകാരും തയ്യാറാകാത്തതാണ് കുട്ടനാട്ടിൽ അസാധാരണ പ്രതിസന്ധിക്കിടയാക്കിയത്. മോൻതയുടെ ഭാഗമായി മഴ കനത്തതോടെ കർഷകർ ആശങ്കയിലാണ്. മിക്ക പാടങ്ങളും കൊയ്ത്തിന് പാകമായി. കഴിഞ്ഞവർഷം സപ്ളൈകോയുമായി കരാർവച്ച ഒരുമില്ല് മാത്രമാണ് നിലവിൽ സംഭരണത്തിനുള്ളത്. ഇവർ പുന്നപ്ര പൂന്തൂരം പാടത്തെ നെല്ല് സംഭരിക്കാൻ എത്തിയെങ്കിലും 17കിലോയാണ് കിഴിവ് ആവശ്യപ്പെട്ടത്. വിത്തിനുപോലും ഉപയോഗിക്കാവുന്ന ഗുണനിലവാരമുള്ള നെല്ലിന് അനാവശ്യ കിഴിവ് നൽകാൻ കർഷകർ തയ്യാറാകാത്തതിനാൽ സംഭരണം വൈകുകയാണ്. നൂറ് കിലോ നെല്ല് സംഭരിക്കുമ്പോൾ 68 കിലോ അരി നൽകണമെന്നാണ് സപ്ളൈകോയും മില്ലുകാരുമായുള്ള കരാർ. കുട്ടനാട്ടിലെ നെല്ലിൽ നിന്ന് 64.5 കിലോ അരിയെ ലഭിക്കൂവെന്നാണ് മില്ലുകാർ പറയുന്നത്. കുറവുള്ള 3.5 കിലോ അരിയുടെ പണം സർക്കാർ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സംഭരണനയം പ്രഖ്യാപിക്കണം
രണ്ടാംകൃഷിയിൽ നെല്ല് സംഭരണം നയം ഉടൻ പ്രഖ്യാപിക്കണമെന്ന് കർഷകർ
കൊയ്ത നെല്ല് അടിയന്തരമായി സംഭരിച്ചില്ലെങ്കിൽ മഴയിൽ നശിക്കും
പുഞ്ചകൃഷിക്കുള്ള വിത്തിന്റെ ലഭ്യത ഉറപ്പാക്കാൻ നടപടി വേണം
സംസ്ഥാന ഇൻസെന്റീവ് ഉത്പാദന ചെലവിന് ആനുപാതികമായി വർദ്ധിപ്പിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |