
ഗുരുവായൂർ: കുട്ടിപ്രതിഭകളുടെ പുത്തനാശയങ്ങളുടെ വിസ്മയക്കാഴ്ച്ചകളുമായി ജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി. ശാസ്ത്രവും സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കി കുട്ടിപ്രതിഭകൾ സൃഷ്ടിച്ച കണ്ടെത്തലുകളുടെ വേദിയായി ശാസ്‌ത്രോസവം മാറി. കൃഷിക്കാർ ഉൾപ്പടെയുള്ളവർക്ക് ഉപകാരപ്രദമാകുന്ന നിരവധി കണ്ടുപിടിത്തങ്ങളും പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള നിരവധി മാർഗങ്ങളുമാണ് കുട്ടിശാസ്ത്രജ്ഞന്മാരുടെ സർഗാത്മകതയിൽ യാഥാർത്ഥ്യമായത്. കാഴ്ച്ചയില്ലാത്തവർക്ക് വാക്കിംഗ് സ്റ്റിക്കും, നിർമിത ബുദ്ധിയും റോബോട്ടിക്‌സുമെല്ലാം ആകർഷണങ്ങളായി. അതിവേഗം കൗതുകക്കാഴ്ചകൾ അവതരിപ്പിച്ച് മേളയുടെ താരങ്ങളാകാനും കുട്ടിപ്രതിഭകൾക്ക് സാധിച്ചു.
ഗുരുവായൂരിലും ചാവക്കാട്ടുമായി നടക്കുന്ന പതിനഞ്ചാമത് റവന്യൂജില്ലാ ശാസ്ത്രമേളയും കേരള സ്‌കിൽ ഫെസ്റ്റിവലും എൻ.കെ.അക്ബർ എംഎൽ.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ അദ്ധ്യക്ഷ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായി. വിദ്യാഭ്യാസ ഡയറക്ടർ പി.എം.ബാലകൃഷ്ണൻ, ചാവക്കാട് നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രസന്ന രണദിവെ, കൗൺസിലർ ബേബി ഫ്രാൻസിസ്, പി.നവീന, ഡി.ശ്രീജ, ഡോ. എൻ.ജെ.ബിനോയ്, അക്കാഡമിക് കോർഡിനേറ്റർ എച്ച്.എസ്.എസ് വിഭാഗം ടി.എം.ലത, എൻ.കെ.രമേശ്, വി.സുഭാഷ്, സംഗീത ശ്രീജിത്ത്, എസ്.സുനിൽകുമാർ, സിസ്റ്റർ സി.എ.ഷീല, അനീഷ് ലോറൻസ് എന്നിവർ സംസാരിച്ചു. ശാസ്ത്രമേളയുടെ ലോഗോ തയ്യാറാക്കിയ പൂവത്തുംകടവിൽ പി.കെ.മുജീബ് റഹ്മാനെ ഉപഹാരം നൽകി ആദരിച്ചു.
റവന്യു ജില്ല ശാസ്ത്രമേള : തൃശൂർ ഈസ്റ്റ് മുന്നിൽ
ചാവക്കാട്: ജില്ലാ ശാസ്ത്രമേളയിൽ 486 പോയിന്റുമായി തൃശൂർ ഈസ്റ്റ് ഉപജില്ല മുന്നിൽ. തൊട്ടടുത്ത സ്ഥാനത്തുള്ള ഇരിങ്ങാലക്കുട ഉപജില്ലയ്ക്ക് 481 പോയിന്റുണ്ട്. വലപ്പാട് ഉപജില്ല 479 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. 468 പോയിന്റുമായി ചാലക്കുടി ഉപജില്ലയും 447 പോയിന്റുമായി കൊടുങ്ങല്ലൂർ ഉപജില്ലയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. മാള 436, കുന്നംകുളം 420, ചാവക്കാട് 415, തൃശൂർ വെസ്റ്റ് 415, ചേർപ്പ് 409, വടക്കാഞ്ചേരി 374, മുല്ലശ്ശേരി 369 എന്നിങ്ങനെയാണ് പോയിന്റ് നില.
സ്കൂൾ വിഭാഗത്തിൽ എസ്.എച്ച് സി.ജി.എച്ച്.എസ്.എസ് ചാലക്കുടി 146 പോയിന്റുമായി മുന്നിലാണ്. 124 പോയിന്റുമായി ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളും 123 പോയിന്റുമായി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് പാവറട്ടിയും പിന്നിലുണ്ട്. എസ്.എച്ച് സി.ജി.എച്ച്.എസ്.എസ് തൃശൂർ 108, എൽ.എഫ് സി.എച്ച്.എസ് ഇരിങ്ങാലക്കുട104, എൽ.എഫ് സി.ജി.എച്ച്.എസ്.എസ് മമ്മിയൂർ 104, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് മതിലകം 102 എന്നിങ്ങനെയാണ് മറ്റ് സ്കൂളുകളുടെ പോയിന്റ് നില.
കാഴ്ചയില്ലാത്തവർക്ക്'സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക്'
ചാവക്കാട്: കാഴ്ചയില്ലാത്തവർക്ക് സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക് നിർമ്മിച്ച് കൈയടി നേടി സ്നേഹഗിരി ഹോളി ചൈൽഡ് സി.ഇ.എം.എച്ച്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അമിൽ കൃഷ്ണശ്യാമും ഫാബിയൻ ജോസും. ഈ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് സഞ്ചാരമെങ്കിൽ വെള്ളക്കെട്ടും മറ്റ് തടസങ്ങളും ശബ്ദത്തിലൂടെയും വൈബ്രേഷനിലൂടെയും തിരിച്ചറിയാനാവും. വെള്ളക്കെട്ടിനും മറ്റ് തടസങ്ങൾക്കും പ്രത്യേകം പ്രത്യേകം ശബ്ദമാണ് സ്റ്റിക്ക് പുറപ്പെടുവിക്കുന്നത്. ഇവ ഒരുമിച്ച് വരികയാണെങ്കിൽ രണ്ടും സൂചിപ്പിക്കുന്ന ശബ്ദവും കേൾക്കാം. കാഴ്ചയില്ലാത്തവർക്ക് ഒരു ദിവസത്തെ പരിശീലനമുണ്ടെങ്കിൽ നിഷപ്രയാസം ഉപയോഗിക്കാനാകുമെന്ന് ഇവർ പറയുന്നു. 600 രൂപയാണ് വാക്കിംഗ് സ്റ്റിക്ക് നിർമിക്കാൻ ഇവർക്ക് ചെലവായത്. ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡൽ വിഭാഗത്തിലാണ് ഇവർ മത്സരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |