
തൊടുപുഴ: ജനറേറ്ററുകളിലെ സ്‌ഫെറിക്കൽ വാൽവിലെ ചോർച്ച പരിഹരിക്കുന്നതിന് മൂലമറ്റം പവർഹൗസ് നവംബർ 11 മുതൽ ഡിസംബർ 10 വരെ പൂർണമായും അടച്ചിടും. അഞ്ച്,ആറ് നമ്പർ ജനറേറ്ററുകളിലെ മെയിൻ ഇൻടേയ്ക്ക് വാൽവിലെ (എം.ഐ.വി) ചോർച്ച പരിഹരിക്കുന്നതിനാണ് വൈദ്യുതോത്പാദനം നിറുത്തുന്നത്. വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെങ്കിലും ലോഡ്ഷെഡിംഗ് ഉണ്ടാകില്ല.
മാർച്ചിലാണ് വാൽവിന്റെ മുകൾഭാഗത്തെ സീലിന്റെ തകരാർ മൂലം ചോർച്ചയുണ്ടായത്. തുടർന്ന് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജൂലായിൽ ഒരു മാസത്തേയ്ക്ക് അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. സുരക്ഷാ കാരണങ്ങളാൽ ഇനിയും നീട്ടിക്കൊണ്ടുപോകാൻ കഴിയാത്തതിലാണ് വൈദ്യുതി നിലയം അടച്ചിട്ട് തകരാർ പരിഹരിക്കാൻ ബോർഡ് അനുമതി നൽകിയത്. പ്രവർത്തനം പൂർണമായി നിറുത്തിവച്ച ശേഷം ഓരോ വാൽവ് വീതം ക്രെയിനുപയോഗിച്ച് മാറ്റിയാണ് പണി നടത്തുന്നത്.
അറ്റകുറ്റപണി എല്ലാ വർഷവും
ഓരോ ജനറേറ്ററുകൾ ഓരോ മാസവും എന്ന നിലയിൽ എല്ലാ വർഷവും ജൂൺ മുതൽ ഡിസംബർ വരെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾ നടത്താറുള്ളതാണ്. അതിനാൽ വൈദ്യുതോത്പാദനം പൂർണമായും നിറുത്താറില്ല. മുമ്പ് 2019 ഡിസംബർ ഏഴു മുതൽ 17 വരെ ഒന്നാം നമ്പർ ജനറേറ്ററിലെ വാൽവ് മാറ്റുന്നതിനായി 10 ദിവസത്തേയ്ക്ക് പ്രവർത്തനം പൂർണമായും നിറുത്തിയിരുന്നു.
130 മെഗാവാട്ടിന്റെ
ആറ് ജനറേറ്ററുകൾ
130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റം പവർ ഹൗസിൽ സ്ഥാപിച്ചിരിക്കുന്നത്. 780 മെഗാവാട്ടാണ് പൂർണ ഉത്പാദന ശേഷി. ഒന്ന്,രണ്ട്,മൂന്ന് നമ്പർ ജനറേറ്ററുകൾ 1976ലും നാല്,അഞ്ച്,ആറ് നമ്പർ ജനറേറ്ററുകൾ 1986ലുമാണ് സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |