
തിരുവനന്തപുരം: ജോലിയിൽ നിന്നു പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു.
പിൻവാതിൽ നിയമനം ലഭിച്ചവരെയാണ് ജോലിയിൽ നിന്ന് ഒഴിവാക്കിയതെന്ന മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നിലപാട് ശരിയല്ലെന്നും ജോലി നഷ്ടമായവരെ തിരിച്ചെടുത്തില്ലെങ്കിൽ പണിമുടക്കിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
15 വർഷത്തിലധികമായി ജോലി ചെയ്യുന്ന 125 അസിസ്റ്റന്റ്മാരെയാണ് ജോലിയിൽനിന്നും മാറ്റി നിറുത്തിയത്. ഇവർ ഓഫീസുകളിൽ വെറുതെ ഇരുന്ന് ശമ്പളം വാങ്ങിയെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണ്.
പുതിയ സമയക്രമീകരണവും ഡ്യൂട്ടി പരിഷ്‌കരണവും കാരണം വരുമാനത്തിൽ വൻ ഇടിവുണ്ടായി. അടൂർ-പെരിക്കല്ലൂർ റൂട്ടിൽ 45000 വരെ കളക്ഷൻ കിട്ടിയിരുന്നത് 35000 രൂപയായി കുറഞ്ഞു. 18000 രൂപ കിട്ടിയിരുന്ന അടൂർ-കൂട്ടാർ റൂട്ടിൽ കിട്ടുന്നത് 8000 രൂപയാണ്. മാനേജ്‌മെന്റിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഇന്ന് ചീഫ് ഓഫീസിന് മുൻപിലും ജില്ല കേന്ദ്രങ്ങളിലും ധർണ നടത്തും. ചീഫ് ഓഫീസിന് മുന്നിലെ സമരം ഇടത് മുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സുജിത് സോമൻ, എസ്.സുജിത്കുമാർ, എസ്.ആർ.നിരീഷ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |