
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സാപ്പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ (49) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറിന് ഗർഭാശയ പരിശോധനയ്ക്കായി മകൾക്കൊപ്പം എത്തിയതായിരുന്നു ശാലിനി. ഗർഭാശയത്തിൽ ഗുളിക നിക്ഷേപിച്ചെങ്കിലും പൊടിഞ്ഞതിനെ തുടർന്ന് വീണ്ടും ഇത് ആവർത്തിച്ചു. 15 മിനിട്ട് കഴിഞ്ഞപ്പോൾ ശാലിനിക്ക് നെഞ്ചെരിച്ചിലും, വയറുവേദനയും ചൊറിച്ചിലും ശാരീരിക അസ്വസ്ഥതയും ഉണ്ടായി. തുടർന്ന് അബോധാവസ്ഥയിലാകുകയായിരുന്നു. നഴ്‌സിനെയും ഡോക്ടറെയും വിവരം അറിയിച്ചതിനെ തുടർന്ന് ശാലിനിയെ ക്രിട്ടിക്കൽ ഐ.സി.യുവിലേക്ക് മാറ്റി. പിന്നീട്, പുലർച്ചെ രണ്ടോടെ മരണവാർത്തയാണ് ബന്ധുക്കളെ അറിയിച്ചത്.
മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെന്നും, അധിക ഡോസ് മരുന്ന് നൽകിയതാണ് മരണകാരണമെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും, ഗാന്ധിനഗർ പൊലീസിലും പരാതി നൽകി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. മക്കൾ : അശ്വന്ത്, അഭിഷേക്, അർജുൻ. മരുമകൾ : മിഥില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |