
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലകളെ കുറഞ്ഞ ചെലവിൽ ബന്ധിപ്പിക്കുന്ന ബഡ്‌ജറ്റ് ടൂറിസം പദ്ധതിയിൽ പുതിയ മാറ്റങ്ങളുമായി കെഎസ്ആർടിസി. സൂപ്പർ ഫാസ്‌റ്റ്, പാസഞ്ചർ ബസുകളാണ് ഇതുവരെ ഈ പദ്ധതിക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇനിമുതൽ ബഡ്‌ജറ്റ് ടൂറിസം പദ്ധതിക്ക് മാത്രമായി പ്രത്യേകം ബസുകൾ നിരത്തിലിറക്കും. അതിന്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ പുതിയ ബസ് പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആർടിസി. പച്ച,മഞ്ഞ നിറങ്ങളിൽ ചിത്രങ്ങൾ പതിപ്പിച്ച ബസ് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്‌തമാണ്.
ആദ്യ കാഴ്ചയിൽ കെഎസ്ആർടിസിയുടെ സൂപ്പർ ഡ്യൂലക്‌സ് ബസുകളോടാണ് ഈ ബസുകൾക്ക് സാമ്യം. ബസിന്റെ മുൻ ഭാഗത്ത് തന്നെ കെഎസ്ആർടിസി ബഡ്‌ജറ്റ് ടൂർസ് എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. ബസിന്റെ വശങ്ങളിലായി ആനയുടെ ചിത്രവും പതിപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇവ സർവീസിനായി നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ബഡ്‌ജറ്റ് ടൂറിസം ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടുന്നുണ്ട്. വലിയ വരുമാനം നേടുന്ന പദ്ധതിയായിട്ടും ബഡ്‌ജറ്ര് ടൂറിസത്തിന് പഴയ ബസുകളാണ് ഉപയോഗിക്കുന്നതെന്ന വിമർശനം പലഭാഗത്ത് നിന്നും ഉയരുന്നുണ്ടായിരുന്നു. വിനോദ തീർത്ഥാടനത്തിന് ഉപയോഗിക്കുന്ന ബസുകളെപ്പറ്റി നേരത്തെ തന്നെ പല ഡിപ്പോകളും പരാതിപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ബഡ്‌ജറ്റ് ടൂറിസത്തിനായി പ്രത്യേകം ബസുകൾ നിരത്തിൽ ഇറക്കുന്നത്.
ബഡ്‌ജറ്റ് ടൂറിസത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരുമെന്നും കൂടുതൽ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള കൂടുതൽ യാത്രകൾ ഒരുക്കുമെന്നുമുള്ള ഗതാഗതമന്ത്രിയുടെ ഉറപ്പുകൾ ഓരോന്നായി പാലിക്കുന്നതിന്റെ ഭാഗമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |