
കണ്ണൂർ:മഞ്ചപ്പാലത്തെ മലിന ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും ശുദ്ധീകരിക്കാതെ മലിന ജലം പടന്നത്തോട്ടിലേക്ക് ഒഴുക്കി വിടുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. രോഷാകുലരായ നാട്ടുാകർ ഇന്നലെ രാവിലെ പ്ലാന്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ പണിമുടക്കിയതിനാൽ ദിവസങ്ങളായി പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
സെപ്തംബറിലെ ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് കരാർ കമ്പനിയുടെ കീഴിലുള്ള മൂന്ന് പ്ലാന്റ് ഓപറേറ്റർമാർ ഈ മാസം 18 മുതൽ പണിമുടക്കം തുടങ്ങിയത്.കോർപറേഷൻ യഥാസമയം ഫണ്ട് കൊടുക്കാത്തതിനെ തുടർന്നാണ് കരാർ സ്ഥാപനം ഓപ്പറേറ്റർമാർക്ക് ശമ്പളം നൽകാത്തത്.
നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കോർപ്പറേഷൻ സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ , ക്ലീൻ സിറ്റി മാനേജർ ഷൈൻ പി .ജോസ് എന്നിവരുമായി സി.പി .എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ, ജില്ലാസെക്രട്ടറി കെ.കെ.രാഗേഷ് എന്നിവർ ചർച്ച നടത്തി. വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്നും അടിയന്തരമായി നടപടി സ്വീകരിക്കുമെന്നുമുള്ള ഉറപ്പിലാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.സുധാകരൻ, ഒ.കെ.വിനീഷ്, കെ.വി.ദിനേശൻ , പി.എം.സാജിദ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
അപാകത ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോർട്ടും
2023ൽ വീടുകളിലെയും ചെറുകിട സ്ഥാപനങ്ങളിലേയും മലിന ജലം ശുദ്ധീകരിക്കാനാണ് പദ്ധതി ആവിഷ്ക്കരിച്ചത്. എന്നാൽ കോർപറേഷൻ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലവും അനധികൃത കണക്ഷൻ വഴി പ്ലാന്റിലേക്ക് എത്തിക്കാൻ കൂട്ടുനിന്നത് പ്രതിസന്ധിക്കിടയാക്കി.ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജല പൈപ്പുകളുടെ കണക്ഷൻ പ്ലാന്റുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചതും വാർഷിക പരിപാലന കരാർ (എ.എം.സി ) ഇല്ലാത്തതുമായ പദ്ധതി അപാകത കംൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ ( സി.എ. ജി ) റിപ്പോർട്ടിൽ വ്യക്തമായി പരാമർശിച്ചിരുന്നു.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളും
തോട്ടിൽ മലിനജലം നിറഞ്ഞതിനാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചിരുന്നു.
പ്ളാന്റിന് സമീപത്തുള്ള വീട്ടു കിണറുകൾ മുഴുവൻ മലിനജലം നിറഞ്ഞ് കുടിവെള്ളത്തിനും പ്രയാസം നേരിടുകയാണ്.
തട്ടിപ്പു കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണം. തോട്ടിൽ മലിന ജലം ഒഴുക്കിവിടുന്നത് സമീപവാസികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇവിടെ പ്രത്യേക ആരോഗ്യ സംഘത്തെ അയച്ച് സ്ഥിതിഗതികൾ പരിശോധിക്കണം-ഇ.പി.ജയരാജൻ
ഒരു എം .എൽ .ഡി സംഭരണശേഷിയുള്ള പ്ലാന്റിൽ പരിധി വിട്ട് കണക്ഷൻ കൊടുത്തിരിക്കുകയാണ്.സ്വന്തം നിലയിൽ മലിനീകരണ പ്ലാന്റുകൾ ഉണ്ടാവേണ്ട വൻകിട ഹോട്ടലുകൾ, ഫ്ലാറ്റുകൾ എന്നിവക്ക് അനധികൃതമായി പ്ലാന്റിലേക്ക് കണക്ഷൻ കൊടുക്കുവാൻ കോർപറേഷൻ ഒത്താശ ചെയ്യുകയാണ്. കോർപറേഷൻ ഭരണ നേതൃത്വത്തിന്റെ താൽപര്യാർത്ഥമാണ് ഉദ്യോഗസ്ഥൻമാർ ഇത്തരം കണക്ഷൻ കൊടുത്തിട്ടുള്ളത് എന്ന് വളരെ വ്യക്തമാണ്. സംഭരണശേഷിയും കവിഞ്ഞ് പ്ലാന്റിലേക്ക് എത്തുന്ന മലിനജലം തോട്ടിലേക്ക് പൈപ്പ് വഴി നിയമ വിരുദ്ധമായി ഒഴുക്കിവിടുകയാണ്. അഴിമതി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതൊക്കെ ചെയ്തിട്ടുള്ളത്.
കെ .കെ .രാഗേഷ്.,സി.പി.എം ജില്ലാ സെക്രട്ടറി
പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും. അനധികൃതമായി കണക്ഷൻ എടുത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും.വിനു സി .കുഞ്ഞപ്പൻ,കോർപറേഷൻ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |