
ആലപ്പുഴ : നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 1.80രൂപ വർദ്ധിപ്പിച്ച് 30രൂപയാക്കിയതിന്റെ ആശ്വാസത്തിലാണ് കുട്ടനാടൻ കർഷകർ. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ കൃഷിനാശത്തിലും നെല്ലിന്റെ വില യഥാസമയം ലഭിക്കാത്തതിനാലും ദുരിതത്തിലായിരുന്ന കർഷകർക്ക് ഇപ്പോഴത്തെ വിലവർദ്ധന സഹായകരമാകും.
നിലവിൽ ഒരുകിലോ നെല്ലിന് 28.20രൂപ പ്രകാരമാണ് സപ്ലൈകോ സംഭരിച്ചിരുന്നത്. ഇതിൽ 23 രൂപ കേന്ദ്രവിഹിതവും 5.20 രൂപ സംസ്ഥാന വിഹിതവുമായിരുന്നു. ഇതിനു പുറമേ 12 രൂപ കൈകാര്യച്ചെലവായും നൽകുന്നുണ്ട്. ഇന്നലെയാണ് നെല്ലുവില 28.20രൂപയിൽ നിന്ന് 30 രൂപയാക്കി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
താങ്ങുവില കിലോയ്ക്ക് 35രൂപയെത്തിച്ചാലും മുതലാകാത്ത സാഹചര്യമാണെങ്കിലും തങ്ങളുടെ സമരം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് നെൽകർഷക സംരക്ഷണ സമിതി ഭാരവാഹികൾ പ്രതികരിച്ചു. മുൻവർഷങ്ങളിൽ കേന്ദ്രം താങ്ങുവില വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാനം അതിനനുസരിച്ചുള്ള തുക സ്വന്തം വിഹിതത്തിൽ നിന്ന് വെട്ടിക്കുറച്ചിരുന്നതിനാലാണ് നെല്ലിന്റെ വില ഇത്രയും നാൾ വർദ്ധിക്കാതിരുന്നത്.
നെൽകൃഷിയുടെ ഏറ്റവും വലിയ ചെലവ് കൂലിയിനത്തിലാണ് പോകുന്നത്. 70 ശതമാനത്തോളം വരും ഇതെന്ന് കർഷകർ പറയുന്നു. പാലക്കാടിനെ അപേക്ഷിച്ച് ചെലവ് കൂടുതൽ കുട്ടനാട്ടിലാണ്.
വർദ്ധന രണ്ട് വർഷത്തിന് ശേഷം
1. റിസർവ് ബാങ്ക് പുറത്തു വിട്ട കണക്ക് പ്രകാരം കർഷകത്തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ ഒന്നാമതാണ് കേരളം
2. പ്രതിദിനം ശരാശരി 764.3 രൂപയാണ് കേരളത്തിലെ തൊഴിലാളികൾക്ക് കർഷകർ നൽകേണ്ടത്
3. ദിവസവേതനം കുറവായതു കൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് കൂലിചെലവ് കുറവാണ്
4. അന്യസംസ്ഥാനങ്ങളിൽ ഒരേക്കർ നെൽകൃഷിക്ക് 15000 – 20000 രൂപയാണ് ചെലവെങ്കിൽ കേരളത്തിൽ അത് 30000 മുതൽ 50000 വരെയാണ്
അവസാനം കൂട്ടിയത് 20 പൈസ
(വർഷം, സംഭരണ വില, കേന്ദ്രവിഹിതം, സംസ്ഥാന വിഹിതം (രൂപയിൽ) എന്ന ക്രമത്തിൽ)
2020-21 : 27.48 - 18.68 - 8.80
2021 -22 : 28.00 - 19.40 - 8.60
2022- 23 : 28.20 - 20.40 - 7.80
2023-24 : 28.20 - 21.83 - 6.37
2024 -25 : 28.20 - 21.83 - 6.37
നെൽകൃഷിയിൽ കൂലിച്ചെലവ്
70 %
സമരത്തിന് ഫലം കാണുന്നതിൽ ആശ്വാസമുണ്ട്. മുപ്പത് രൂപ താങ്ങുവില ലാഭകരമല്ലെങ്കിലും സ്വാഗതം ചെയ്യുന്നു. കൂടുതൽ പാടശേഖരങ്ങളിൽ കൊയ്ത്ത് ആരംഭിച്ച പശ്ചാത്തലത്തിൽ സംഭരണ കാര്യത്തിൽ അടിയന്തര ഇടപെടലുണ്ടാകണം
- ലാലിച്ചൻ, നെൽകർഷകൻ
കുട്ടനാട്ടിലെ പുഞ്ചകൃഷി താമസിക്കുന്നതും നെല്ല് സംഭരണം നടക്കാത്തതും കൃഷിവകുപ്പിന്റെ അനാസ്ഥമൂലമാണ്
- മാത്യു ചെറുപറമ്പൻ, കർഷക കോൺഗ്രസ്
കൊയ്ത്ത് യന്ത്രം സമയത്ത് ലഭിക്കാത്തത് മൂലം പാടത്ത് കിടന്ന് തന്നെ നെല്ല് നശിക്കുന്നു. കൊയ്തു കൂട്ടിയ നെല്ല് തക്കസമയത്ത് സംഭരിക്കാത്തത് മൂലം പാടത്തും റോഡ് വക്കിലും കിടന്ന് നശിക്കുകയാണ്
-കുരുവിള മാത്യൂസ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |