
വാഹനങ്ങൾ ഇന്നുമുതൽ ഓടിത്തുടങ്ങും
ചിറയിൻകീഴ്: ചിറയിൻകീഴ് ഓവർബ്രിഡ്ജിൽ നടക്കുന്ന ഭാരപരിശോധന പൂർത്തിയായി. ഇന്നുമുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഐ.ഐ.ടി ഇൻഫ്ര ടെക്കാണ് ഭാരപരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി 10 മണി മുതൽ പാലം വഴിയുള്ള ഗതാഗതം താത്കാലികമായി നിറുത്തിയിരുന്നു. പാലം ഉദ്ഘാടനം നടക്കുന്നതിനുമുമ്പ് വാഹനങ്ങൾ ഓടിത്തുടങ്ങിയെങ്കിലും ഭാരപരിശോധനാഫലം സർക്കാരിന്‍ സമർപ്പിച്ചില്ലായിരുന്നു.
ഇതിന്റെ ഭാഗമായുളള പ്രവർത്തനങ്ങളാണ് നിലവിൽ നടന്നത്. 180 ടൺ വെയ്റ്റ് പാലത്തിന്റെ സ്പാനിന് മുകളിൽ കയറ്റിയാണ് ടെസ്റ്റ് നടത്തിയത്. ഇതിനായി 2.5 ടൺ ഭാരമുളള 80 സിമന്റ് കട്ടകളാണ് ഉപയോഗിച്ചത്. ആകെ ഭാരത്തിന്റെ 25ശതമാനം, 50ശതമാനം, 75ശതമാനം, 100ശതമാനം എന്നീ ഭാരം കയറ്റി ലോഡ് ടെസ്റ്റ് നടത്തി.180 ശതമാനം ഭാരവും കയറ്റി. 24 മണിക്കൂർ കഴിഞ്ഞ് ലോഡ് ടെസ്റ്റും നടത്തിയാണ് ടെസ്റ്റ് പൂർത്തിയാക്കിയത്. ഇതിനായി പാലത്തിന് താഴെയായി ഡയൽഗേജ് സ്ഥാപിച്ച് വ്യതിയാനം രേഖപ്പെടുത്തി. ഈ റിപ്പോർട്ട് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന് സമർപ്പിക്കും. അതിനുശേഷമാണ് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകുന്നത്. പാലത്തിലൂടെ കടന്നുപോകാൻ സാദ്ധ്യതയുളള വാഹനത്തിന്റെ ഇരട്ടിയിലധികം ഭാരം കയറ്റിയാണ് ടെസ്റ്റ് നടത്തിയത്. മേൽപ്പാലത്തിന്റെ അനുബന്ധ നിർമ്മാണ ജോലികൾ കൂടി എത്രയുംവേഗം പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |