
കൊല്ലം: മന്ത്രവാദത്തിന് തയ്യാറാകാത്തതിന് ഭാര്യയോട് കൊടുംക്രൂരത. ഭർത്താവ് യുവതിയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലം ആയൂരിൽ ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.
ആയൂർ സ്വദേശികളാണ് ദമ്പതികൾ. ദേഹത്ത് സാത്താൻ കൂടിയെന്നാരോപിച്ച് ഭർത്താവ് സജീർ ഭാര്യ റജിലയെ ആയൂരിലുള്ള ഒരു മന്ത്രവാദിയുടെ അടുക്കൽ എത്തിച്ചിരുന്നു. ഇവിടെവച്ച് പൂജയും മന്ത്രവാദങ്ങളും നടന്നു. കഴിഞ്ഞദിവസവും ഇയാൾ മന്ത്രവാദിയുടെ അടുക്കലേയ്ക്ക് പോവുകയും ഭസ്‌മവും തകിടുകളും കൊണ്ടുവരികയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ മന്ത്രവാദം നടത്താനായി റജിലയോട് മുടി അഴിച്ചിട്ടതിനുശേഷം മുന്നിലിരിക്കാൻ സജീർ ആവശ്യപ്പെട്ടു. എന്നാൽ ഇത് അനാചാരവും കൂടോത്രവുമാണെന്ന് പറഞ്ഞ് റജില എതിർത്തു. ഇതിൽ പ്രകോപിതനായ സജീർ അടുക്കളയിൽ പോയി അടുപ്പത്തിരിക്കുകയായിരുന്നു മീൻകറി എടുത്തുകൊണ്ടുവന്ന് റജിലയുടെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു. റജിലയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ സജീർ ഓടിരക്ഷപ്പെട്ടു. റജില സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സജീറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |