
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഹരിതകർമ്മ സേനാംഗങ്ങളെ മർദ്ദിച്ചയാൾ പിടിയിൽ. ആറ്റിങ്ങൽ തച്ചൂർകുന്ന് സ്വദേശികളായ ലത, രമ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം മണ്ണാക്കുടി വീട്ടിൽ രാജു (65)വിനെ പൊലീസ് അറസ്റ്റു ചെയ്തു.
ആറ്റിങ്ങൽ കാട്ടുംപുറം റോഡിൽ വച്ചായിരുന്നു സംഭവം. ലത,രമ എന്നിവർ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ചാക്കിൽക്കെട്ടി പാലസ് റോഡിനു സമീപത്തായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ചാക്കുകെട്ടുകൾ തിരികെയെടുക്കാൻ എത്തിയപ്പോൾ രാജു ചാക്ക് കെട്ടുകൾ കത്തികൊണ്ട് കീറി സാധനങ്ങൾ എടുത്തുമാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിടെ ഇരുവരെയും കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാൾ സ്ഥലം വിട്ടു. തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. സി.സി.ടി.വി പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ.ജെയുടെ നിർദേശപ്രകാരം എസ്.ഐ ജിഷ്ണു.എം.എസ്, സിതാര മോഹൻ, സലിം.എ, എ.എസ്.ഐ ശ്യംലാൽ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |