തൃശൂർ: കോർപറേഷൻ സ്റ്റേഡിയം നിർമ്മാണത്തിനും അവിടെ കളിക്കാനും മാജിക് എഫ്.സിയുമായി ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് മലക്കം മറിഞ്ഞ് മേയർ. 'ഖേലോ ഇന്ത്യ പദ്ധതിക്കായി മാത്രമേ ധാരണാപത്രം ഒപ്പിട്ടിട്ടുള്ളൂ, ആ പദ്ധതിക്ക് അനുമതി കിട്ടിയാൽ പ്രവൃത്തികൾ തുടങ്ങും. മാജിക് എഫ്.സിയുമായി യാതൊരു കരാറുമില്ല, സ്റ്റേഡിയം വാടകയ്ക്ക് എടുത്ത് മറ്റ് ക്ലബ്ബുകൾ കളിക്കുന്ന പോലെ അവർക്കും കളിക്കാം. അത്രയേ ഉള്ളൂ...' മേയർ കേരളകൗമുദിയോട് പറഞ്ഞു.
ഇതിനിടെ അത്‌ലറ്റിക്‌സ് അസോസിയേഷനും ഫുട്ബാൾ അസോസിയേഷനും തമ്മിലുള്ള പോരും മുറുകുകയാണ്. കോർപറേഷൻ അധികൃതർ ഖേലോ ഇന്ത്യയുമായുള്ള ധാരണ പാലിക്കാതെ മുന്നോട്ടുപോകുകയാണമെന്നാണ് അത്‌ലറ്റിക്‌സ് അസോസിയേഷന്റെ പരാതി. കോർപറേഷൻ ഗ്രൗണ്ടിലെ പ്രൊജക്ട് രണ്ടായി വിഭജിക്കണമെന്ന ഖേലോ ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം പദ്ധതി റിപ്പോർട്ട് തയ്യാറാക്കി നൽകി കാത്തിരിക്കുകയാണ്.
ഇതിനിടെയാണ് മാജിക് എഫ്.സിക്ക് അഞ്ചുവർഷത്തേക്ക് മൈതാനം അനുവദിച്ചെന്നും നിർമ്മാണം തുടങ്ങുന്നുവെന്നുമുള്ള അറിയിപ്പ് എത്തിയത്. ഇതോടെ അത്‌ലറ്റിക്‌സ് അസോസിയേഷൻ ഇടഞ്ഞു. ഫുട്ബാളിനെ തകർക്കാൻ അത്‌ലറ്റിക്‌സുകാർ കളിക്കുന്നുവെന്ന മട്ടിൽ ഫുട്ബാൾ അസോസിയേഷനും നിലപാടെടുത്തു. ഇരുകൂട്ടരും പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ മേയർ മലക്കം മറിയുന്നതോടെ മൈതാനത്തും പുറത്തും എന്ത് കളി നടക്കുമെന്നതാണ് ആകാംക്ഷ.
കരാറില്ലാതെ നിർമ്മാണം?
'മാജിക് എഫ്.സിയുമായി കരാറൊന്നുമില്ല, കളിച്ചാൽ കാശ് തരണം. ഖേലോ ഇന്ത്യ വരുന്ന മുറയ്ക്ക് സൗകര്യം ചെയ്തുകൊടുക്കും. ഖേലോ ഇന്ത്യ പദ്ധതി വന്നാൽ ഇരുമ്പുവേലി മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും.'
മേയർ ഈ വിധം പറയുമ്പോഴും കരാറില്ലാതെ മാജിക് എഫ്.സി നിർമ്മാണം നടത്തുന്നത് എങ്ങനെയെന്ന ചോദ്യത്തിന് മറുപടിയില്ല. 'മാജിക് എഫ്.സി പൈസ മുടക്കും. കളിക്കാനുള്ള സൗകര്യങ്ങളെല്ലാം അവർ ഒരുക്കും. ഒക്ടോബർ 12ന് കളിക്കുകയാണ് അവരുടെ ലക്ഷ്യം. കളിക്കുന്നതിന് വേറെ കാശും തരും. പിന്നെന്താ പ്രശ്‌നം?' മേയർ ചോദിക്കുന്നു.
ഖേലോ ഇന്ത്യ പദ്ധതിക്ക് അപേക്ഷ നൽകിയിട്ട് മൂന്നുവർഷമായെന്നും ആ പദ്ധതി നടപ്പായില്ലെങ്കിലും കോർപറേഷൻ നേരിട്ട് സിന്തറ്റിക് ട്രാക്ക് കൊണ്ടുവരുമെന്നും മേയർ കേരളകൗമുദിയോട് പറഞ്ഞു. രണ്ടുകോടി രൂപയുടെ നിർമ്മാണം മാജിക് എഫ്.സി നടത്തുമെന്നും ഇത് ആസ്തിയാകുമെന്നുമാണ് മേയറുടെ നിലപാട്.
ശബ്ദ സന്ദേശത്തെ ചൊല്ലിയും തർക്കം
തൃശൂർ: അത്‌ലറ്റിക്‌സ് അസോസിയേഷന്റെ സെക്രട്ടറി കൂടിയായ ഡോ. കെ.എസ്. ഹരിദയാൽ വാട്സാപ്പ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശം ആയുധമാക്കി ഫുട്ബാൾ പ്രേമികളും കെ.എസ്.എൽ അനുകൂലികളും. കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പ്രതിഷേധത്തിന് ക്ഷണിക്കുന്നതിനായി ഹരിദയാൽ പോസ്റ്റ് ചെയ്ത ശബ്ദസന്ദേശത്തിൽ 'അവിടെ ഫുട്ബാൾ ഉദ്ഘാടനം നടന്നാൽ ഇനിയൊരു തിരിച്ചുവരവ് നമുക്കുണ്ടാകില്ല...' എന്ന് പറയുന്നതിനെതിരെയാണ് പ്രതിഷേധം. കെ.എസ്.എൽ വരുത്താതിരിക്കാൻ, ഇത് പൊളിക്കാൻ ആർക്കാണ് വാക്കുകൊടുത്തിരിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നത്. എന്നാൽ ശബ്ദസന്ദേശം തന്റെയാണെന്നും താൻ പണത്തിനും രാഷ്ട്രീയത്തിനൊന്നും വേണ്ടിയല്ല, അത്ലറ്റിക്സിനും കായികതാരങ്ങൾക്കും വേണ്ടിയാണ് സന്ദേശം അയച്ചതെന്നും അതിൽ തെറ്റായൊന്നും ഇല്ലെന്നുമാണ് ഡോ. ഹരിദയാലിന്റെ നിലപാട്.
പ്രതിഷേധിച്ച് അത്ലറ്റുകൾ
തൃശൂർ: കോർപറേഷൻ സ്റ്റേഡയം നവീകരണത്തിന് ഖേലോ ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പിട്ട ശേഷം അട്ടിമറിക്കപ്പെടുന്നുവെന്ന ആശങ്ക ഉന്നയിച്ച് പ്രതിഷേധവുമായി അത്ലറ്റിക് അസോസിയേഷൻ. സിന്തറ്റിക് ട്രാക്കിന് ഫുട്ബാൾ നവീകരണം തടസമാകുന്നുവെന്ന് ആരോപിച്ച് അത്ലറ്റുകളും പരിശീലകരും കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് നടത്തിയ പ്രതിഷേധം സ്റ്റേഡിയം ഗേറ്റിലെത്തും മുൻപ് പൊലീസ് തടഞ്ഞു.
'ഞങ്ങളുടെ നെഞ്ചിൽ തറച്ച ആണിയാണ് മൈതാനത്തിലെ ഫെൻസിംഗ്. ആദ്യ ട്രാക്കിലെ ഇരുമ്പുവേലി മാറ്റിയാലാണ് അത്ലറ്റുകൾക്ക് മൈതാനം ഉപകാരപ്പെടൂവെന്ന് അത്‌ലറ്റിക്‌സ് അസോ. ജില്ലാ സെക്രട്ടറി ഡോ. കെ.എസ്. ഹരിദയാൽ വ്യക്തമാക്കി. 2011ൽ ദേശീയ ഗെയിംസിനായി സഹകരിച്ചതോടെ ജില്ലയിലെ അത്ലറ്റുകളുടെ ഭാവി ആശങ്കയിലായെന്നും സമരക്കാർ പറഞ്ഞു.
അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിന്ദു കല്യാൺ, നാരായണൻ നമ്പൂതിരി, രാജൻ ജോസഫ്, ഡോ. കെ.എസ്. ഹരിദയാൽ, ഹേമലത, അഖി ബെറ്റ്, ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ, സരീഷ് പോൾ, ഫ്രാൻസിസ് മാത്യു, ഷെല്ലി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |