
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവയ്ക്കണമെന്നുളള ആവശ്യം കേന്ദ്രത്തെ അറിയിക്കുന്നതിനായുളള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ വിവരം അറിയിക്കും. മന്ത്രിസഭയിലെടുത്ത തീരുമാനമെന്ന നിലയ്ക്കാണ് ചീഫ് സെക്രട്ടറി കത്ത് അയക്കുക. പിഎം ശ്രീ പദ്ധതിയിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. കേരളത്തിന്റെ കത്ത് കിട്ടിയശേഷം തുടർനടപടി ആലോചിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ അറിയിക്കുന്നത്.
പിഎം ശ്രീയ്ക്കുള്ള ധാരണ മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. ധനസഹായം നൽകേണ്ട സ്കൂളുകളുടെ പട്ടിക ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞു. പദ്ധതിക്ക് കീഴിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ട് പോകാനാകില്ല. സർവ്വ ശിക്ഷാ അഭിയാനടക്കമുള്ള ഫണ്ട് നല്‍നാകുമോ എന്നതും കത്ത് പരിശോധിച്ച ശേഷം തീരുമാനിക്കും. പിഎം ശ്രീയിൽ നിന്ന് പഞ്ചാബ് സർക്കാർ ധാരണാപത്രം ഒപ്പിട്ട ശേഷം പിൻമാറിയപ്പോൾ കേന്ദ്രം ഇത് അനുവദിച്ചിരുന്നില്ല. എന്നാൽ പിന്നീട് കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചതോടെ പഞ്ചാബ് നിലപാട് മാറ്റുകയായിരുന്നു.
അതേസമയം, പി എം ശ്രീയിൽ ഇനി വാക്പോര് വേണ്ടെന്ന നിലപാടിലാണ് സിപിഐ. കണ്ണൂരിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് പ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സിപിഐയുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം വേദനിപ്പിച്ചെന്ന ശിവൻകുട്ടിയുടെ വൈകാരിക പ്രതികരണത്തിനുശേഷമാണ് സിപിഐ പുതിയ തീരുമാനമെടുത്തത്. എന്തെങ്കിലുമുണ്ടാകുമ്പോൾ ചവിട്ടിതാഴ്‌ത്തുന്ന സമീപനം നല്ലതല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രി ജി ആർ അനിലിന്റെ പുച്ഛം കലർന്ന പരിഹാസവും വേദനിപ്പിച്ചെന്നും അദ്ദേഹം ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |