
ബംഗളൂരു: ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കിയതിന് അമ്മയെ കൊന്ന് കെട്ടിത്തൂക്കിയ മകളെയും അതിന് സഹായം ചെയ്ത കൂട്ടുകാരെയും പൊലീസ് പിടികൂടി. മകൾ ഉൾപ്പെടെ പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണ്.തെക്കൻ ബംഗളൂരുവിലെ സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നത്: ആൺസുഹൃത്തുമായുള്ള ബന്ധം നേത്രാവതി എതിർത്തിരുന്നു. ബന്ധം തുടരരുതെന്ന് പലപ്പോഴും പറഞ്ഞുവിലക്കുകയും ചെയ്തിരുന്നു.ഇതിലുള്ള വിരോധമാണ് ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത്. ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നു. തുടർന്ന് മകളും സുഹൃത്തുക്കളും രക്ഷപ്പെട്ടു.
തൂങ്ങിമരണമെന്നായിരുന്നു ബന്ധുക്കളുടെയും പൊലീസിന്റെയും പ്രാഥമിക നിഗമനം. ആ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുപോയതും. ഇതിനിടെ മരണത്തിൽ സംശയമുണ്ടെന്നും മകൾക്കും കൂട്ടുകാർക്കും ഇതിൽ പങ്കുണ്ടെന്ന് കരുതുന്നതായും നേത്രാവതിയുടെ സഹോദരി പൊലീസിൽ പരാതി നൽകി. ഇതിനെത്തുടർന്നുള്ള അന്വേഷണമാണ് ക്രൂരകൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്.
ലോൺ റിക്കവറി സ്ഥാപനത്തിൽ ടെലികാളറായി ജോലിനോക്കുകയായിരുന്നു നേത്രാവതി. ഏറെനാൾമുമ്പ് ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകൾക്കൊപ്പം ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ മകൾ ഒരാളുമായി അടുപ്പത്തിലായി. പതിനേഴുകാരനും സ്കൂൾപഠനം ഇടയ്ക്ക് അവസാനിപ്പിക്കുകയും ചെയ്ത ഇയാളുമായുള്ള ബന്ധം നേത്രാവതി എതിർത്തു. എന്നാൽ മകൾ ബന്ധം വീണ്ടും തുടരുകളും ആൺസുഹൃത്ത് ഇടയ്ക്കിടെ നേത്രാവതിയുടെ വീട്ടിലെത്തുകയും ചെയ്തു. ഇത് നേത്രാവതി കർശനമായി വിലക്കി. ഇതിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചത്. അഞ്ചുപേരും ചേർന്ന് ആലോചിച്ചാണ് കൊലപാതകം നടത്താനുറച്ചതും അതിനുള്ള വഴി കണ്ടെത്തിയതും. കൃത്യം നടപ്പാക്കിയശേഷം രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാൽ പൊലീസ് അന്വേഷണത്തിൽ എല്ലാം പുറത്തുവരികയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |