ആലപ്പുഴ: നെല്ല് സംഭരണ വിഷയത്തിൽ മില്ലുകാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ധന, കൃഷി വകുപ്പ് മന്ത്രിമാർ വിളിച്ചുചേർക്കുന്ന കൂടിക്കാഴ്ചയിലാണ് ഇനി കുട്ടനാട്ടിലെ കർഷകരുടെ പ്രതീക്ഷ. പള്ളാത്തുരുത്തിയിലും പുന്നപ്ര പറവൂർ പൂന്തുരം പാടത്തും കൊയ്തെടുത്ത ലോഡ് കണക്കിന് നെല്ല് കൂട്ടിയിട്ടിരിക്കെ, പ്രശ്ന പരിഹാരം നീണ്ടാൽ തിങ്കളാഴ്ച ആലപ്പുഴ- ചങ്ങനാശേരി റോഡിലെ പള്ളാത്തുരുത്തിയിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാനാണ് കർഷകരുടെ നീക്കം. കുട്ടനാട്ടിൽ ഇത്തവണ നല്ല വിളവാണ് ലഭിച്ചത്. നെല്ല് - അരി അനുപാതം സംബന്ധിച്ച് മില്ലുകാരുടെ തർക്കം തുടരവേ,സപ്ളൈകോ നിഷ്കർഷിച്ച 68 കിലോ അരി ലഭിക്കുമെന്നതിനാൽ അനാവശ്യകിഴിവും ആനുകൂല്യങ്ങളും കരസ്ഥമാക്കാനുള്ള തന്ത്രമാണ് മില്ലുകാർ പയറ്റുന്നതെന്നാണ് കർഷകരുടെ ആരോപണം.
തർക്കം തുടരുന്നതിനാൽ നെല്ല് സംഭരണത്തിന് മില്ലുകാരെ അലോട്ട് ചെയ്യാൻ സപ്ലൈകോയ്ക്കും കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ വർഷത്തെ കരാറനുസരിച്ച് തൃശൂരിലെ ഒരു മില്ല് മാത്രമാണ് ഇക്കഴിഞ്ഞദിവസം വരെ കുട്ടനാട്ടിൽ സംഭരണത്തിന് ഉണ്ടായിരുന്നത്. ഒക്ടോബർ 27ന് അവരുടെ കാലാവധിയും അവസാനിച്ചതോടെ നിലവിൽ കുട്ടനാട്ടിൽ നെല്ല് ഏറ്റെടുക്കാൻ മില്ലുകാരാരും എത്താത്ത സ്ഥിതിയാണ്.
സംഭരണവുമില്ല, വിത്തുമില്ല
1.ദിവസങ്ങളോളം പാടത്ത് നെല്ല് കൂട്ടിയിടേണ്ടി വരുന്ന സാഹചര്യം തുലാവർഷത്തിൽ നെല്ലിന്റെ ഈർപ്പത്തോത് കൂട്ടാനും കിളിർപ്പിനും കാരണമാകും
2.മൂടിയിട്ടിരിക്കുന്ന നെല്ല് എല്ലാ ദിവസവും വെയിലിൽ നിരത്തി ഉണക്കിയും ഇളക്കിയും മറിച്ചുമിട്ടും ദിവസങ്ങളായി പാടത്തുതന്നെ സമയം ചെലവഴിക്കേണ്ട ഗതികേടിലാണ് കർഷകർ
3.മില്ലുകാർ ആവശ്യപ്പെടുന്ന ഇളവിനും ജി.എസ്.ടിക്കും സർക്കാർ വഴങ്ങിയാൽപ്പോലും മില്ലുകാരെ നെല്ല് സംഭരണത്തിന് ചുമതലപ്പെടുത്താനും സപ്ളൈകോയുമായി കരാറുണ്ടാക്കാനും ഇനിയും സമയമെടുക്കും
4. പുഞ്ചകൃഷിയുടെ വിതയ്ക്കുള്ള നെൽവിത്ത് എത്താത്തതും കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. പുഞ്ചപാടങ്ങളിലും കായൽ നിലങ്ങളും മോട്ടോർ വച്ച് വെള്ളം വറ്റിച്ചെങ്കിലും വിത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല
5.മുമ്പ് കൃഷി വകുപ്പ് പാലക്കാട് നിന്ന് വിത്തെത്തിച്ച് നൽകിയിരുന്നത്. എന്നാൽ, ഇത്തവണ അവിടെ നിന്ന് ലഭ്യമാകാതിരിക്കെ ദേശീയവിത്ത് ഗവേഷണ കേന്ദ്രത്തിൽ നിന്ന് എത്തിക്കാൻ തീരുമാനിച്ചെങ്കിലും ഇനിയും വിത്ത് ലഭ്യമായിട്ടില്ല
.............................
നെല്ല് സംഭരണവും വിത്ത് വൈകുന്നതുമുൾപ്പെടെയുള്ള പ്രശ്നങ്ങളിൽ കൃഷി വകുപ്പിന്റെയും സർക്കാരിന്റെയും നിരുത്തരവാദിത്തത്തിനെതിരെ തിങ്കളാഴ്ച മുതൽ സമരത്തിനിറങ്ങാനാണ് തീരുമാനം.
- നെൽകർഷക സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |