മാള: ഡോ.രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന തൃശൂർ സെൻട്രൽ സഹോദയ കലോത്സവം- 2025ന്റെ രണ്ടാം ദിവസം വിവിധ ഇനങ്ങളിലായി വാശിയേറിയ മത്സരങ്ങൾ നടന്നു. ഇംഗ്ലീഷ് പ്രസംഗം, ഡിജിറ്റൽ പെയിന്റിംഗ്, മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് റെസിറ്റേഷൻ, സംസ്കൃത കവിതാപാരായണം, മലയാള കവിതാപാരായണം, ഉപന്യാസരചന, ലളിതഗാനം, ഹിന്ദി ഉപന്യാസരചന, ഹിന്ദി പ്രസംഗം, ഹിന്ദി കവിതാരചന, വനിതകളുടെ കുച്ചിപ്പുടി, ലൈറ്റ് മ്യൂസിക്, ഹിന്ദി പദ്യപാരായണം, പെൻസിൽ ഡ്രോയിംഗ്, ഇംഗ്ലീഷ് കഥാരചന, ഭരതനാട്യം, മലയാളം കഥാരചന, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ വിദ്യാർത്ഥികൾ മത്സരിച്ചു. വിവിധ വേദികളിൽ ആവേശം മുറ്റിനിന്ന കലാപ്രകടനങ്ങളാണ് നടന്നത്.
കൗതുകമായി 'സ്പേസ് പ്രദർശനം'
മാള: തൃശൂർ സെൻട്രൽ സഹോദയ കലാമേളയുടെ വേദിയായ മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ ഐ.എസ്.ആർ.ഒ ഒരുക്കിയ 'സ്പേസ് പ്രദർശനം' കൗതുകമാകുന്നു. തിരുവനന്തപുരം തുമ്പ സ്പേസ് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം. കുട്ടികളെ ഐ.എസ്.ആർ.ഒയുടെ പ്രവർത്തനങ്ങളെയും ഗവേഷണങ്ങളെയും കുറിച്ച് ബോധവത്കരിക്കുക എന്നതാണ് പ്രദർശനത്തിന്റെ ലക്ഷ്യം.
ഐ.എസ്.ആർ.ഒയുടെ ആദ്യകാല റോക്കറ്റായ എസ്.എൽ.വി മുതൽ എൽ.വി.എം-3 വരെ അമ്പതിലധികം റോക്കറ്റ് മോഡലുകൾ, റിസോഴ്സ്സാറ്റ്, കാർട്ടോസാറ്റ്, ജിസാറ്റ് തുടങ്ങിയ സാറ്റലൈറ്റ് മിനിയേച്ചർ മോഡലുകൾ, ഗഗൻയാൻ ദൗത്യത്തിന്റെ ക്രൂ മോഡ്യൂളും എസ്കേപ്പ് സിസ്റ്റവും ഇവിടെയുണ്ട്. നിരവധി വീഡിയോകളും പ്രദർശിപ്പിക്കുന്നുണ്ട്.
കുച്ചിപ്പുടിയിൽ വൈഗ കെ സജീവിന്
മാള: മാള ഡോ. രാജു ഡേവീസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന തൃശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവം 2025ൽ കുച്ചിപ്പുടി കാറ്റഗറി 3 ഫസ്റ്റ് ഗ്രേഡ് നേടി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി വൈഗ കെ. സജീവ്.
അഞ്ചാം ക്ലാസ് മുതൽ നൃത്തം അഭ്യസിച്ചുവരുന്ന വൈഗ, മോഹിനിയാട്ടം കലാമണ്ഡലം പ്രഷീജയുടെ കീഴിലും കുച്ചിപ്പുടി തൃശൂർ ജോബ് മാസ്റ്ററുടെ കീഴിലുമാണ് പരിശീലിക്കുന്നത്.
രാഹുൽ ശശിധരൻ സംവിധാനം ചെയ്ത രാജകുമാരി എന്ന ഷോർട്ട് ഫിലിമിലൂടെ വൈഗ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ബാലനടിക്കും മികച്ച നടിക്കുമുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വൈഗ സജീവ്കുമാർ കല്ലട-ശാലിനി ദമ്പതികളുടെ ഏക മകളാണ്.
പോയിന്റ് നില
മാള: തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ ഇന്നലെ വരെയുള്ള മത്സരങ്ങൾ അവസാനിക്കുമ്പോൾ എസ്.എൻ.വിദ്യാഭവൻ ചെന്ത്രാപ്പിന്നി 603 പോയിന്റുമായി മുന്നിൽ. മാള ഹോളി ഗ്രേസ് അക്കാഡമി 562 പോയിന്റുമായി രണ്ടും ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ 553 പോയിന്റുമായി മൂന്നാമതുമുണ്ട്. ഇന്ന് വൈകിട്ട് കലോത്സവം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |