തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥിയുടെ പ്രസ്താവനയിലാണ് അദ്ദേഹം പ്രതികരണമറിയിച്ചത്. മഞ്ചേശ്വരം എൽ.ഡി.എഫ് സ്ഥാനാർത്ഥി ശങ്കർ റെെ സ്ത്രീ പ്രവേശനത്തിനെതിരായി നിലപാടെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവർ ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം നേടാൻ വേണ്ടിയാണെന്നും കോടിയേരി വ്യക്തമാക്കി. ആചാരലംഘനത്തോട് യോജിപ്പില്ലെന്നായിരുന്നു ശങ്കർ റെെയുടെ പ്രസ്താവന.
അതേസമയം, ശബരിമല യുവതീപ്രവേശ നിലപാടുകളിൽ കൊമ്പുകോർത്ത് കോന്നിയിലെ സ്ഥാനാർത്ഥികൾ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പാർട്ടി നിലപാടിനപ്പുറം ഒന്നും പറയാനില്ലെന്ന് ഇടത് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാർ വ്യക്തമാക്കിയിരുന്നു. ആചാരസംരക്ഷണത്തിനായി ഇനിയും മുന്നിലുണ്ടാകുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നിലപാടടെടുത്തു. ബി.ജെ.പി നിലപാട് കാപട്യമാണെന്നും സി.പി.എം വിശ്വാസികൾക്ക് എതിരാണെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി പി.മോഹൻരാജ് ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാക്കുന്നതിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറും പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാക്കുന്നത് അയ്യപ്പനെ മോശമാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. പ്രചരണത്തിന് ശബരിമല ഉപയോഗിക്കുന്നത് ആചാര ലംഘനമാണെന്നും പദ്മകുമാർ കൂട്ടിച്ചേർത്തു. ശബരിമല വിഷയം ഇത്തവണ തിരത്തെടുപ്പിൽ ബാധിക്കില്ലെന്നും ഇത്തവണ ശബരിമലയിൽ സംഘർമുണ്ടാവില്ലെന്നും പദ്മകുമാർ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ ബി.ജെ.പിയും കോൺഗ്രസും മുന്നോട്ടുവെക്കുന്നത് കപട അവകാശ വാദങ്ങളാണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും പദ്മകുമാർ വ്യക്തമാക്കി. ക്ഷേത്രങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |