ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പളളിയിൽ ജുവലറിയുടെ ഭിത്തി തുരന്ന് കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. കോയമ്പത്തൂരിൽ വച്ചാണ് ജാർഖണ്ഡ് സ്വദേശികളായ അഞ്ച് പ്രതികൾ അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രത്യേക അന്വഷണസംഘം ചോദ്യം ചെയ്തുവരികയാണ്. മോഷണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. പ്രതികളെ തിരുച്ചിറപ്പളളിയിലെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.35 കിലോ സ്വർണവും വജ്രവും മോഷണം പോയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അൻപത് കോടിയോളം രൂപയുടെ സ്വർണവും മറ്റ് ആഭരണങ്ങളുമായി കവർച്ച ചെയ്തത്.
കഴിഞ്ഞ ജനുവരിയിൽ ജുവലറിക്ക് സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിലും സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു. ഭിത്തി തുരന്ന് ബാങ്കിനകത്ത് കയറിയ മോഷ്ടാക്കൾ ലോക്കറുകൾ തകർത്ത് 17 ലക്ഷം രൂപയും 40 പവൻ സ്വർണവും കവർന്നിരുന്നു. ഈ മോഷണവുമായി പിടിയിലായവർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചവരികയാണ്.
ബുധനാഴ്ച പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. ചെന്നൈ ട്രിച്ചി ദേശീയപാതയ്ക്ക് സമീപം തിരുച്ചിറപ്പിള്ളി നഗരമദ്ധ്യത്തിലെ ചൈത്രം ബസ് സ്റ്റാൻഡിന് സമീപത്താണ് ലളിതാ ജുവലറി സ്ഥിതി ചെയ്യുന്നത്. ജുവലറിയുടെ പിൻവശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ ജുവലറിക്കുള്ളിൽ കയറിയത്. ജുവലറിയുടെ ഒന്നാം നിലയിൽ പ്രവേശിച്ച മോഷ്ടാക്കൾ സ്റ്റോർ റൂമിൽ അഞ്ച് ലോക്കറുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തിരുന്നു.
രാവിലെ ഒമ്പപത് മണിയോടെ ജീവനക്കാർ കട തുറന്നപ്പോഴാണ് കവർച്ച വിവരം പുറംലോകം അറിയുന്നത്. തെളിവുകൾ നശിപ്പിക്കുന്നതിനായി ജുവലറിയിലാകെ മുളകുപൊടി വിതറിയാണ് മോഷ്ടാക്കൾ സ്ഥലം വിട്ടിരുന്നത്. മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് ദണ്ഡ് ജുവലറിയുടെ പുറക് വശത്തുള്ള സ്കൂളിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മോഷണ രീതി കണക്കിലെടുത്ത് ഉത്തരേന്ത്യൻ സംഘമാണോ കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് ആദ്യമേ സംശയിച്ചിരുന്നു. തമിഴ്നാട് മധ്യമേഖലാ ഐ.ജി വരദരാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കടുവയുടെയും കാളയുടെയും മുഖാകൃതിയിൽ നിർമ്മിച്ച മുഖംമൂടിയാണ് മോഷ്ടാക്കൾ ധരിച്ചിരുന്നത്. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ വലയിലാക്കാൻ തമിഴ്നാട് പൊലീസിന് കഴിഞ്ഞു. പ്രതികളുടെ ചിത്രങ്ങൾ പുറത്തുവന്നെങ്കിലും അവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പുറത്തുവിടുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |