
തിരുവനന്തപുരം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന്റെ കരുത്തു കൂട്ടാൻ ദേശീയ നേതൃത്വം കോർ കമ്മിറ്റി പ്രഖ്യാപിച്ചെങ്കിലും, സംസ്ഥാന കോൺഗ്രസിൽ അതൃപ്തി ബാക്കി. കോർ കമ്മിറ്റി പ്രഖ്യാപനത്തിലെ മാനദണ്ഡ ലംഘനങ്ങളും ഭാരവാഹികളെ കുറയ്ക്കുന്നതിലെ തർക്കങ്ങളുമാണ് ഇനിയും അടങ്ങാത്ത അലോസരത്തിന് കാരണം.
ചില മുതിർന്ന നേതാക്കൾ പരിഗണിക്കപ്പെടാതിരുന്നതാണ് കോർ കമ്മിറ്റിയിലുള്ള അതൃപ്തി. ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലും ചില പ്രധാന നേതാക്കൾ ഉൾപ്പെട്ടില്ല.സംസ്ഥാന സെക്രട്ടറിമാരുടെ പട്ടിക ഉടൻ പ്രഖ്യാപിച്ചാലും, ചില തർക്കങ്ങളിൽ പരിഹാരം വൈകിയേക്കാം.
കോർ കമ്മിറ്റി കൂടി കൊണ്ടു വന്നതോടെ, 39 അംഗ രാഷ്ട്രീയകാര്യ സമിതിയുടെ പ്രസക്തി ഇല്ലാതാവുമെന്ന് ചിലർക്ക് ആശങ്കയുമുണ്ട്. ചിലർ തഴയപ്പെട്ടതിനുള്ള പ്രായശ്ചിത്തമെന്ന നിലയ്ക്ക് ജനറൽ സെക്രട്ടറി പട്ടികയിൽ മര്യാപുരം ശ്രീകുമാർ, ജി.എസ്.ബാബു, സൂരജ് രവി, ഒ.അബ്ദു റഹ്മാൻ, റിങ്കു ചെറിയാൻ എന്നിവരെക്കൂടി ഉൾപ്പെടുത്താൻ ധാരണയായിട്ടുണ്ട്. ഇതോടെ ജനറൽ സെക്രട്ടറിമാരുടെ എണ്ണം 64 ആയി ഉയരും. വൈസ് പ്രസിഡന്റുമാർ 13 പേരുണ്ട്.
കെ.പി.സി.സി സെക്രട്ടറി പദവിയിലേക്ക് 100 പേരുടെ പട്ടികയാണ് എ.ഐ.സി.സിക്ക് കൈമാറിയത്. ഇത് 80 എങ്കിലുമാക്കി കറയ്ക്കണമെന്ന നിർദ്ദേശം ദേശീയ നേതൃത്വം മുന്നോട്ടു വച്ചിരുന്നു.ഇതിൽ ആരെ ഒഴിവാക്കുമെന്നതാണ് കീറാമുട്ടി.തങ്ങളുടെ നോമിനികൾ ഒഴിവാക്കപ്പെട്ടാൽ നേതാക്കൾ മുഖം വീർപ്പിക്കും..ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പുനഃക്രമീകരണവും നീളുകയാണ്. തിരുവനന്തപുരം, കൊല്ലം തുടങ്ങി നാല് ജില്ലകളിലാണ് മുഖ്യമായും തർക്കം. തിരുവനന്തപുരത്ത് ഒരു വിധം ഒത്തു തീർപ്പായെങ്കിലും മറ്റിടങ്ങളിലെ സ്ഥിതി അതല്ല. പുതിയ ഡി.സി.സി അദ്ധ്യക്ഷന്മാരുടെ തീരുമാനം വൈകിയാലും അത്ഭുതമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |