
കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ 49 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മാതാവിന്റെ അറസ്റ്റിലൂടെ പ്രസവാനന്തര വിഷാദമെന്ന സ്ത്രീകൾ നേരിടുന്ന സജീവ മനശ്ശാസ്ത്രപ്രശ്നം വീണ്ടും ചർച്ചയാകുന്നു.ഒരു ഭാഗത്ത് ഉരുണ്ടുകൂടുന്ന വിഷാദം അമ്മയുടെ മനസിനെ മായ്ച്ചുകളയുന്നതിന്റെ ദാരുണ ഉദാഹരണമായാണ് ഈ കൊലപാതകം കണക്കാക്കപ്പെടുന്നത്.
തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് അമീഷ് അലൻ ജാബിർ എന്ന് പേരിട്ട കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നായിരുന്നു മാതാവ് മുബഷിറയുടെ ആദ്യ മൊഴി. പക്ഷേ സാഹചര്യങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ പൊലീസിന്റെ തുടരന്വേഷണം ദുരൂഹതയുടെ ചുരുളഴിച്ചു.ഇത്രയും ചെറിയ കുഞ്ഞ് അമ്മയുടെ കൈയിൽനിന്ന് കിണറ്റിലേക്ക് കുതറില്ലെന്നതാണ് അന്വേഷണസംഘത്തെ മാതാവിന്റെ മൊഴി അവിശ്വസിക്കാൻ പ്രേരിപ്പിച്ച ആദ്യഘടകം. വീട്ടിൽ കുഞ്ഞിന്റെ മുത്തശ്ശി ഉണ്ടെന്നിക്കെ വെള്ളം കോരാൻ കുഞ്ഞുമായി അമ്മ എത്തിയെന്ന് പറഞ്ഞതും പൊലീസ് വിശ്വസിച്ചില്ല. ഇതിന് പുറമെ വീട്ടുകാർ കിണറ്റിൽനിന്ന് മോട്ടോർ ഉപയോഗിച്ച് ടാങ്കിലേക്ക് വെള്ളം കയറ്റുന്നതാണ് പതിവ്. സംഭവസമയത്ത് ടാങ്ക് മുക്കാൽഭാഗം നിറഞ്ഞ നിലയിലുമായിരുന്നു. ഇതെല്ലാം കൂടി ബോധപൂർവ്വമായ ഒരു പ്രവൃത്തിയാണെന്ന നിഗമനത്തിലെത്തിയതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
പിന്നാലെ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാളിന്റെ നിർദേശപ്രകാരം വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്റെയും അഭിപ്രായം തേടി. തുടർന്ന് ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ മേൽനോട്ടത്തിൽ സി.ഐ പി.ബാബുമോനും എസ്.ഐ. ദിനേശൻ കൊതേരിയും ചേർന്ന സംഘം മുബഷിറയെ അറസ്റ്റ് ചെയ്തു.അന്വേഷണത്തിൽ മുബഷീറയ്ക്ക് ഭർത്യവീട്ടിൽ തർക്കങ്ങളോ പീഡനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഇതോടെ പ്രസവാനന്തര മാനസിക അസ്വസ്ഥതയാകാം സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു.
പ്രസവാനന്തര വിഷാദം
പ്രസവത്തിന് പിന്നാലെ ചില സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ആഴത്തിലുള്ള മാനസികസമ്മർദമാണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ.കുഞ്ഞിനോടുള്ള അനാസക്തി, കടുത്ത വിഷാദം, അനാവശ്യമായ ഭയം, കോപം, കുറ്റബോധം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നു.
പോസ്റ്റ് പാർട്ടം ഡിപ്രഷൻ ( പ്രസവാനന്തര വിഷാദം) ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ കൂടുതലായി കാണുന്നുണ്ട്. ഹോമോണിന്റെ വ്യതിയാനമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. നേരത്തേ ഡിപ്രഷനുള്ളവരെ പ്രസവാനന്തരം കൂടുതൽ ശ്രദ്ധിക്കണം. കുടുംബത്തിന്റെ മാനസിക പിന്തുണ ശക്തമായുണ്ടാകണം. കുടുംബപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതും ഡിപ്രഷനായി മാറാം. നേരത്തേ തിരിച്ചറിയാൻ സാധിക്കുക എന്നത് പ്രധാനമാണ്. ശ്രദ്ധയും കരുതലും പ്രധാനമാണ്. മരുന്നുകളുണ്ടെങ്കിലും പാലൂട്ടുന്ന അമ്മയായതിനാൽ അക്കാര്യത്തിൽ ചില പരിമിതികളുണ്ട്. അമ്മയാകാൻ തയ്യാറെടുക്കുമ്പോൾ പോസ്റ്റ് പാർട്ടം ഡിപ്രഷൻ നേരിടാനും തയ്യാറെടുപ്പുകൾ നടത്തേണ്ടത് അനിവാര്യമാണ്.ഡോ. ഇ.ഡി. ജോസഫ്,ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,കണ്ണൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |