
തൃശൂർ : കേന്ദ്ര ശമ്പള കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയതിലൂടെ അദ്ധ്യാപകർക്ക് സംസ്ഥാനം നൽകേണ്ട യു.ജി.സി സ്‌കെയിൽ കുടിശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കാർഷിക സർവകലാശാലയിൽ ധന വകുപ്പിനെതിരെ സി.പി.ഐ അനുകൂല സംഘടന സമരത്തിന്. കാർഷിക സർവകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.എ.യു.ടി.എ) നേതൃത്വത്തിലാണ് സമരം.
വിരമിച്ചവരടക്കം മുന്നൂറോളം അദ്ധ്യാപകർക്ക് പന്ത്രണ്ട് കോടിയോളമാണ് ലഭിക്കാനുള്ളത്. സംസ്ഥാന സർക്കാർ കുടിശിക നൽകിയില്ലെങ്കിൽ കേന്ദ്ര സർക്കാർ വിഹിതം നഷ്ടമാകും. തുകയുടെ അമ്പത് ശതമാനം സംസ്ഥാന സർക്കാരും അമ്പത് ശതമാനം ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റീസർച്ചുമാണ് നൽകുന്നത്. ഓരോരുത്തർക്കും ഏഴ് ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്.
സർവകലാശാലയിൽ പ്രൊമോഷൻ കുടിശിക, എൻ.പി.എസ് കുടിശിക എന്നിവയൊന്നും സർക്കാരിൽ നിന്ന് ഗ്രാന്റ് ലഭിക്കാത്തതിനാൽ വിതരണം ചെയ്യാനായിട്ടില്ല. പ്രതിമാസം നൽകുന്ന 35.80 കോടി പെൻഷൻ, ശമ്പളം, മറ്റ് അടിയന്തര ആവശ്യങ്ങൾക്ക് പോലും പണം മതിയാകാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സർവകലാശാല. സർവകലാശാലയുടെ കടുത്ത സാമ്പത്തികപ്രതിസന്ധിക്ക് കാരണം സർക്കാർ അനുവദിക്കുന്ന ഗ്രാന്റിന്റെ വൻ കുറവാണെന്ന് വൈസ് ചാൻസലർ ഡോ.ബി.അശോക് തന്നെ വ്യക്തമാക്കിയിരുന്നു. സർവകാലശാല ആസ്ഥാനത്ത് ടീച്ചേഴ്‌സ് അസോസിയേഷൻ മൗന പ്രതിഷേധം നടത്തി.
പ്രതിസന്ധി
ഇങ്ങനെ:
□സർവകലാശാല ആവശ്യപ്പെട്ടത് 4003.2 കോടി
□അനുവദിച്ചത് 2146.18 കോടി
□നോൺ പ്ലാൻ ഫണ്ടിൽ 251.5 കോടി
□പ്ലാൻ ഫണ്ട് ഇനത്തിൽ 132 കോടി
□ജീവനക്കാരും പെൻഷൻകാരും- 4000 ഓളം
□ആനുകൂല്യങ്ങളിലെ കുടിശിക- 200 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |