
തൃശൂർ: കഴിഞ്ഞ പത്തുവർഷമായി ശ്രമിക്കുന്ന എം.ജി റോഡ് വികസനത്തിന് വ്യാപാരികളടക്കം തയ്യാറായിട്ടും നടത്താൻ കഴിയാതിരുന്നത് ചില ശക്തികളുടെ നിസഹകരണം മൂലമാണെന്ന മേയറുടെ പ്രസ്താവന ഭരണപക്ഷത്തിന് തിരിച്ചടി. പത്ത് വർഷം മുമ്പ് രാജൻ പല്ലൻ മേയറായിരിക്കുമ്പോഴാണ് എം.ജി റോഡ് വികസനത്തിന് തുടക്കംകുറിച്ചത്, എൽ.ഡി.എഫ് ഭരണസമിതി വന്നപ്പോൾ ഒരു കല്ലുപോലും വയ്ക്കാൻ പറ്റാതിരുന്നത് കഴിവുകേടാണെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോഴാണ് മേയർ എം.കെ.വർഗീസ് കൗൺസിലിൽ തുറന്നടിച്ചത്.
അവിടെ വികസനം നടത്താൻ എല്ലാ സാഹചര്യങ്ങളും തയ്യാറായതായിരുന്നു. ചില ശക്തികളുടെ ഇടപെടലാണ് തടസമായത്. അത് ഭരണകക്ഷിയിൽ മേയറെയടക്കം നിയന്ത്രിക്കുന്ന രണ്ട് പ്രമുഖ കൗൺസിലർമാരാണെന്ന അടക്കം പറച്ചിലുമുണ്ട്. വലിയ ആരോപണങ്ങൾ നേരിട്ട ഒരു കൗൺസിലറെയാണ് റോഡ് വികസനത്തിനായി വ്യാപാരികളുമായി ചർച്ച ചെയ്യാൻ നിയോഗിച്ചത്. വ്യാപാരികളുമായി കോർപറേഷൻ ധാരണയിലെത്തുകയും ചെയ്തു. വികസനം നടത്തുന്നതിന് മുന്നോടിയായി വ്യാപാരികളോടൊപ്പം പത്രസമ്മേളനം വിളിക്കാനും രണ്ട് തവണ തയ്യാറായെങ്കിലും പിന്നീട് മേയറും പിന്മാറി. ഇതിന്റെ കാരണമെന്തെന്ന് വ്യാപാരികൾക്കും മനസിലായില്ല. എന്നാൽ പിന്നീടാണ് ചില കൗൺസിലർമാരുടെ ഇടപെടലാണ് വികസനത്തിന് തടസം നിൽക്കുന്നതെന്ന് വ്യക്തമായത്.
തുറന്നുപറച്ചിലിൽ അമർഷം
തൃശൂർ നഗരത്തിലെ ഏറ്റവും വലിയ വികസനത്തിന് തടസം നിൽക്കുന്നത് സി.പി.എമ്മിലെ ചില കൗൺസിലർമാരാണെന്ന സൂചനയിൽ കാര്യങ്ങൾ തുറന്നുപറയുന്നതിൽ പാർട്ടിക്കുള്ളിലും അമർഷം. മേയർ ഇത്തരത്തിൽ കാര്യങ്ങൾ പറഞ്ഞാൽ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നതാണ് സി.പി.എം നേതാക്കളുടെ ഭയം. വർഷങ്ങളായി ജനങ്ങൾ എം.ജി റോഡിന്റെ വികസനത്തിനായി കാത്തുനിൽക്കുകയാണ്. വൻ ഗതാഗതക്കുരുക്കാണ് എല്ലാ ദിവസവും. കളക്ടറേറ്റിലേക്ക് പോകുന്ന പ്രധാന റോഡായതിനാൽ മറ്റ് റോഡുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ വാഹനങ്ങളുമെത്തുന്നുണ്ട്. കൂടാതെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഓഫീസും ഈ വഴിയോട് ചേർന്നാണ്. സ്വതന്ത്രനായ മേയറുടെ കാലത്ത് ഇത്രയും വലിയ വികസനം നടന്നാൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ പാർട്ടിക്ക് കിട്ടില്ലെന്നതാണ് പിന്നിലെന്നും പറയുന്നു. മേയറുടെ കാലാവധി കഴിഞ്ഞാൽ എവിടെ നിൽക്കുമെന്ന് പറയാനാകാത്ത സാഹചര്യമാണ്. ബി.ജെ.പിയിലേക്ക് പോകുമെന്ന് സൂചനയുള്ളതിനാൽ എല്ലാം കരുതിയാണ് പാർട്ടിയുടെ ചുവടുവയ്പ്പും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |