പാലക്കാട്: കേരളത്തിലെ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരത്തിനായി "പവർ ഓൺ വീൽസ്" എന്ന കണ്ടുപിടിത്തതിന് എ ഗ്രേഡോടെ ഒന്നാം സമ്മാനം നേടി കുട്ടി ശാസ്‌ത്രജ്ഞർ. തൃശൂർ കടപ്പുറം ഗവ. വി.എച്ച്.എസിലെ പ്ലസ് ടു വിദ്യാർത്ഥികളായ റിഫാൻ മുബഷിറും ആര്യനും പാലക്കാട് കോട്ടമൈതാനത്ത് നടന്ന വൊക്കേഷണൽ എക്സ്പോ സ്കിൽ ഫെസ്റ്റിൽ തങ്ങളുടെ കണ്ടുപിടിത്തം അവതരിപ്പിച്ചത് കൈയടി നേടിയത്. മിക്ക വീടുകളിലും ഇപ്പോൾ സോളാർ സ്ഥാപിക്കുന്നുണ്ടെങ്കിലും ബാറ്ററി സൂക്ഷിച്ചു വയ്ക്കുന്നത് കുറവാണ്. പകൽ സമയങ്ങളിൽ വീടുകളിൽ ഉല്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി, ഉപഭോഗം കൂടുതലുള്ള വൈകിട്ട് ആറു മുതൽ രാത്രി 10 വരെയുള്ള സമയത്ത് ലിഥിയം ബാറ്ററിയുടെ സഹായത്തോടെ ഷിഫ്റ്റ് ചെയ്യുന്ന സംവിധാനം നിർമ്മിച്ചിരിക്കുകയാണ് ഈ കുട്ടി ശാസ്‌ത്രജ്ഞർ. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, കെ.ടി.ഡി.സി എന്നീ മൂന്ന് വിഭാഗങ്ങൾ സംയുക്തമായി കെ.എസ്.ആർ.ടി.സി ബസിൽ സ്റ്റോറേജ് ബാറ്ററികൾ സ്ഥാപിച്ച് കെ.ടി.ഡി.സിയുടെ ഫുഡ് റസ്റ്റോറന്റ് പ്രവർത്തിപ്പിക്കുന്ന രീതിയിലാണ് സിസ്റ്റം രൂപകല്പന ചെയ്തിട്ടുള്ളത്. വൈകിട്ട് ആറു മുതൽ 10 വരെയുള്ള വൈദ്യുതി ബില്ലിംഗ് ചെറിയ നിരക്കിലാക്കാനും സിസ്റ്റം സഹായിക്കും. ഫുഡ് കോർട്ടിൽ ചായ കുടിക്കുവാൻ വരുന്ന യാത്രക്കാർക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ, കാറുകൾ എന്നിവ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ആർ.എഫ്.ഐ.ഡി കാർഡിലൂടെ ഓട്ടോമാറ്റിക്കായി ചാർജിംഗ് എനേബിൾ ചെയ്യാവുന്ന സംവിധാനവുമുണ്ട്. സ്കൂളിലെ ഇലക്ട്രികൽ വിഭാഗം അദ്ധ്യാപകൻ യദുകൃഷ്ണനാണ് ഇരുവർക്കും കരുത്തേകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |