
ചേർത്തല :1960കളിൽ മൂടപ്പെട്ട എ.എസ് കനാൽ വീണ്ടെടുക്കാൻ വഴി തെളിഞ്ഞു. ദേശീയപാതയിൽ കഞ്ഞിക്കുഴിയിൽ എ.എസ് കനാലിന്റെ തടസങ്ങളകറ്റി അഞ്ചുമീറ്റർ ഉയരത്തിൽ പാലം നിർമ്മിക്കാൻ ദേശീയപാത അതോറിട്ടി തീരുമാനിച്ചു. പാലത്തിന്റെ ചെലവായ 37 കോടി സംസ്ഥാന സർക്കാർ വഹിക്കണമെന്ന നിലപാടിലായിരുന്നു അതോറിട്ടി. ഇതു സംബന്ധിച്ച തർക്കം പരിഹരിച്ചാണ് നിർമ്മാണ ചിലവ് അതോറിട്ടി ഏറ്റെടുത്തത്.
ഇരുകരകളിലും അടിപ്പാതയോടെയുള്ള പാലത്തിനാണ് അനുമതി നൽകിയതെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. ഉപരിതല ഗതാഗതവകുപ്പുമന്ത്രിക്കു മുന്നിൽ ഉയർത്തിയ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.കനാലിന്റെ അവസാന ഘട്ട നിർമ്മാണത്തിന് നേതൃത്വം നൽകി പ്രവർത്തിച്ച എൻജിനീയറായ വി.വി. പവിത്രനാണ് പാലത്തിന്റെ ആവശ്യവുമായി ആദ്യം രംഗത്ത് വന്നത്.മന്ത്രി പി.പ്രസാദിന് പുറമെ,എൻ.ഡി.എ കൺവീനർ തുഷാർവെള്ളാപ്പളളിക്കും പവിത്രൻ നിവേദനം കൈമാറിയിരുന്നു. ഇരുവരും കേന്ദ്രമന്ത്രി നിതിൻഗഡ്കരിയെ സന്ദർശിച്ച് പാലത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടായത്. സംസ്ഥാന ജലസേചനവകുപ്പിന്റെയും ഉൾനാടൻ ജലഗതാഗതവകുപ്പിന്റെയും നിർണായക ഇടപെടലുകളും ഗുണം ചെയ്തു.
എ.എസ് കനാൽ
രാജഭരണ കാലത്ത് ക്ഷാമത്തെ നേരിടാനും ചരക്കുനീക്കത്തിനായും മനുഷ്യ പ്രയത്നത്തിൽ ഒരുക്കിയതാണ് എ.എസ് കനാൽ. എന്നാൽ 1960 കളിൽ ദേശീയപാത നിർമ്മാണത്തിനിടെ ആശാസ്ത്രീയ നീക്കങ്ങളുണ്ടായാണ് കഞ്ഞിക്കുഴിയിൽ കനാൽ മണ്ണിട്ടു നികത്തിയത്. ഇതോടെ ഫലത്തിൽ കനാൽ ചേർത്തല–കഞ്ഞിക്കുഴി,കഞ്ഞിക്കുഴി–ആലപ്പുഴ കനാലുകളായി മുറിഞ്ഞിരുന്നു.
പാലത്തിന് അനുമതി നൽകിയിരുന്നെങ്കിലും നിലവിൽ പാതക്കു കുറുകെ നീരൊഴുക്കില്ലാത്തതുയർത്തിയായിരുന്നു ദേശീയപാത അതോറിട്ടി ചെലവിൽ മുഖം തിരിച്ചിരുന്നത്.
കനാൽ തുറക്കുന്നത് ചരിത്രനേട്ടം
എ.എസ് കനാൽ വീണ്ടെടുക്കാൻ പാലം നിർമ്മിക്കുന്നതിന് അനുമതിയായത് ചേർത്തലക്ക് ചരിത്രനേട്ടമാണ്. വലിയ കാഴ്ചപ്പാടോടെ ഒരുക്കിയ കനാലാണ് ആറുപതിറ്റാണ്ടിലധികമായി മൂടപ്പെട്ട് കിടന്നത്. ഇതു തുറക്കുന്നതോടെ ചേർത്തലയുടെ ടൂറിസം രംഗത്തിന് വൻ കുതിപ്പ് ഉണ്ടാകും
വി.വി. പവിത്രൻ
ചെയർമാൻ,കൊക്കോടഫ്റ്റ് തിരുവിഴ
(കനാലിന്റെ അവസാനഘട്ടത്തിൽ പ്രവർത്തിച്ച ജൂനിയർ എൻജിനീയർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |