തിരുവനന്തപുരം: ബില്ലുകൾ പാസാക്കി നൽകിയതിന് കൈക്കൂലി വാങ്ങിയ വാട്ടർ അതോറിട്ടി മുൻ എക്സിക്യുട്ടീവ് എൻജിനിയർക്ക്, 5 വർഷം കഠിനതടവും 750000 രൂപ പിഴയും ശിക്ഷ.തിരുവനന്തപുരം വിജിലൻസ് ജഡ്‌ജി മനോജ്.എ ആണ് ശിക്ഷ വിധിച്ചത്.
കേരള വാട്ടർ അതോറിട്ടി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷന് കീഴിൽ 2017-18 വർഷത്തിൽ അമൃത് പദ്ധതിപ്രകാരം നടപ്പിലാക്കിയ പ്രവൃത്തികളിൽ 25,000 രൂപ കൈക്കൂലി വാങ്ങിയ,തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിലെ മുൻ എക്സിക്യുട്ടീവ് എൻജിനിയർ ജോൺ കോശിയെയാണ് ശിക്ഷിച്ചത്.
പരാതിക്കാരന്റെ മകൻ അമൃത് പദ്ധതിപ്രകാരം ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത് പൂർത്തിയാക്കിയിരുന്നു. തുടർന്ന് ബിൽ മാറി നൽകുന്നതിന് എക്സിക്യുട്ടീവ് എൻജിനിയറായിരുന്ന ജോൺ കോശി കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നൽകാത്തതിനാൽ ബിൽ മാറാതെ 16 മാസം ബുദ്ധിമുട്ടിച്ചു. തുടർന്ന് പരാതിക്കാരൻ ചീഫ് എൻജിനിയറോടും,കേരള വാട്ടർ അതോറിട്ടി എം.ഡിയോടും പരാതി പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടാകാത്തതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയും,തുക മാറി നൽകുന്നതിന് അനുകൂല വിധി നേടുകയും ചെയ്തു. അതിനുശേഷവും ജോൺ കോശി തയ്യാറാക്കാത്തതിനെത്തുടർന്ന് കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തപ്പോൾ ബിൽ മാറി നൽകി. എന്നാൽ ബിൽ മാറിയ ശേഷം വീണ്ടും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങവെയാണ് വിജിലൻസ് പിടികൂടിയത്.വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാസതീശൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |