വിതുര: തൊളിക്കോട്, വിതുര മലയോര പഞ്ചായത്തുകളിൽ മഴ തിമിർത്തു പെയ്യുകയാണ്. പൊൻമുടി, ബോണക്കാട്,കല്ലാർ, പേപ്പാറ വനമേഖലകളിലും കനത്ത മഴയുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിൽ പാറകളും, മരങ്ങളും നദികളിലേക്ക് ഒഴുകിയെത്തുന്നു. ഇതോടെ നദികളിലേയും ഡാമുകളിലേയും ജലനിരപ്പും ഉയർന്നു. കനത്ത മഴയെ തുടർന്ന് പൊൻമുടി സംസ്ഥാനപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ട് വിതുര, തൊളിക്കോട്, മന്നൂർക്കോണം മേഖലകൾ വെള്ളത്തിൽ മുങ്ങി. വെള്ളക്കെട്ടിൽ അപകടങ്ങളും പതിവാണ്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മന്നൂർക്കോണത്ത് റോഡിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. മാത്രമല്ല വിതുര, തൊളിക്കോട് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കൃഷിനാശമുണ്ടായി. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് ഗതാഗതവും വൈദ്യുതിവിതരണവും തടസപ്പെട്ടു. മഴയത്ത് പാലോട്, വിതുര, പൊൻമുടി റൂട്ടിലും മരങ്ങൾ വീണ് ഗതാഗതതടസമുണ്ടായി. പൊൻമുടി, കല്ലാർ, ആനപ്പാറ, ബോണക്കാട്, പേപ്പാറ, പൊടിയക്കാല മേഖലകളിൽ മഴ എത്തിയതോടെ വൈദ്യുതി മുടക്കവും പതിവാണ്.
മൂടൽമഞ്ഞിൽ പൊൻമുടി
മഴ എത്തിയതോടെ പൊൻമുടി മൂടൽമഞ്ഞാൽ നിറഞ്ഞു. മഞ്ഞ് കല്ലാർ കടന്ന് വിതുര വരെ വ്യാപിച്ചു. പകൽ സമയത്തുപോലും വാഹനങ്ങൾക്ക് ലൈറ്റിട്ട് സഞ്ചരിക്കേണ്ട സ്ഥിതിയാണ്. മഞ്ഞുവീഴ്ച ശക്തമായതോടെ സഞ്ചാരികളുടെ എണ്ണവും കൂടി. മഴയും മഞ്ഞും ശക്തമായതോടെ പൊൻമുടിയിൽ കാട്ടുമൃഗങ്ങളുടെ ശല്യവും കൂടി.നിലവിൽ പൊൻമുടിയിൽ പുലി, കാട്ടുപോത്ത്, ആന എന്നിവയുടെ സാന്നിദ്ധ്യമുണ്ട്. സഞ്ചാരികൾ ജാഗ്രതപുലർത്തണമെന്നും വനപാലകരുടേയും,പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്. മഴ കനത്താൽ പൊൻമുടി വീണ്ടും അടച്ചിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |