അരൂർ: ഉയരപാത നിർമ്മാണത്തിനിടെ ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ പള്ളിപ്പാട് സ്വദേശി സി.ആർ.രാജേഷ് മരിച്ചതിൽ വ്യാപക പ്രതിഷേധം. പുലർച്ചെ തന്നെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടേയും നേതൃത്വത്തിൽ ദേശീയപാത ഉപരോധം ഉൾപ്പെടെ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകരാണ് ഉപരോധത്തിൽ പങ്കെടുത്തത്.
ബ്ലോക്ക് പ്രസിഡന്റ് സി.എസ്.അഖിൽ,സെക്രട്ടറി വി.കെ.സൂരജ്,കമ്മിറ്റി അംഗം അജിത്ത് എന്നിവർ നേതൃത്വം നൽകി. ജെ.എസ്.എസ് അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജു കോട്ടുപള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി.വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.ഗൗരീശൻ,വി.എം.യൂസഫ്,കെ.കെ.പ്രസന്നൻ,അപ്പച്ചൻ എന്നിവർ നേതൃത്വം നൽകി. കരാർ കമ്പനിയായ അശോക കമ്പനിയുടെ തുറവൂരിലെ ഓഫീസിലേയ്ക്ക് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.അജിത്ത്കുമാർ,എസ്.ശശികുമാർ,കെ.എൻ.ബിബീഷ് എന്നിവർ നേതൃത്വം നൽകി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
ജീവനെടുത്തത് സുരക്ഷാ പാളിച്ച
അരൂർ -തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തുടക്കം മുതൽ നിരവധി സമരങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒന്നിനും പരിഹാരം ഉണ്ടാകാത്തതാണ് അപകടങ്ങൾ തുടർക്കഥയാകുന്നതെന്ന് അരൂർ തുറവൂർ ജനകീയ സമിതി കുറ്റപ്പെടുത്തി. ഭാരവാഹനങ്ങൾ വഴി തിരിച്ചുവിടുന്ന തീരുമാനം കടലാസിലും,സൂചന ബോർഡിലും മാത്രമായി ഒതുങ്ങി. റോഡിലെ കുണ്ടും കുഴിയും മൂലം നിരന്തരം ഗതാഗതകുരുക്ക് ഉണ്ടായി മണിക്കൂറുകളോളം ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ കുടുങ്ങി രോഗികൾ മരിച്ചസംഭവം വരെ ഉണ്ടായിട്ടും നടപടി സ്വീകരിക്കാൻ തയ്യാറാകാത്തതും സുരക്ഷ പാളിച്ചകളുമാണ് ഡ്രൈവർ രാജേഷിന്റെ ദാരുണമായ മരണത്തിന് കാരണം.കർശന നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് അവർ പറഞ്ഞു.സെക്രട്ടറി സനീഷ് പായിക്കാട്,ഡോ.ഡെമാമനിക്,രാജേഷ് രമണൻ,സനീപ് അസിസ്,ഷാഹൂൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |