ആലപ്പുഴ : ശാരീരികബുദ്ധിമുട്ടുകളുള്ളതിനാൽ ഇനി തമിഴ്നാട്ടിലേക്ക് ഓട്ടം പോകേണ്ടെന്ന് ഭാര്യ ഷൈലമ്മ രാജേഷിനോട് പറഞ്ഞിരുന്നതാണ്. എന്നാൽ തമിഴ്നാട്ടിലേക്ക് വാഹനവുമായി പോകാൻ നിശ്ചയിച്ചിരുന്ന ആളുടെ അസൗകര്യം മൂലം ആ ഊഴം രാജേഷിനെ തേടി എത്തി. ചൊവ്വാഴ്ച ആയിരുന്നു മുട്ട എടുക്കാനായി തമിഴ് നാട്ടിലേക്ക് രാജേഷ് പോയത്. രാത്രി 10.30ന് അവിടെ എത്തി. ഇന്നലെ രാവിലെ അവിടെ നിന്ന് തിരിച്ചു. രാത്രി 7.30ന് വിളിച്ചപ്പോൾ പൊള്ളാച്ചി എത്തിയെന്നു പറഞ്ഞിരുന്നു. പിന്നെ 10.30ന് വിളിച്ചപ്പോൾ അങ്കമാലിയെത്തിയെന്ന് പറഞ്ഞെങ്കിലും 11.15ന് അച്ഛൻ രാജപ്പൻ വീണ്ടും വിളിച്ചപ്പോൾ ഫോണിൽ കിട്ടിയില്ല. എപ്പോഴും വിളിച്ചാൽ വണ്ടി ഓടിക്കുമ്പോൾ ബുദ്ധിമുട്ടാകും എന്ന് കരുതി തുടർന്ന് വിളിച്ചില്ല. രണ്ട് മണിക്ക് വിളിച്ചപ്പോഴും കിട്ടിയില്ല. വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ എന്ന് രാജേഷിന്റെ ഭാര്യ ഷൈലമ്മയോട് രാജപ്പൻ പറഞ്ഞു. അഞ്ചുമണിക്ക് അയൽവാസിയുടെ വീട്ടിൽ ടിവി വച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. ചാനലിൽ വണ്ടി കാണിച്ചപ്പോഴാണ് എന്റെ മോനാണെന്നറിഞ്ഞത്....രാജപ്പൻ വിതുമ്പലോടെ പറഞ്ഞു.
"അവന് കുറെ മോഹങ്ങൾ ഉണ്ടായിരുന്നു, അതിനാണ് കിട്ടുന്ന ജോലിക്കെല്ലാം പോയിരുന്നത്. കുറെ കഷ്ടപ്പെട്ടാണ് ഈ കൂര വച്ചത്. അതിന്റെ കടം ഇതുവരെ തീർന്നില്ല. ഓട്ടോറിക്ഷയുടെ ഓട്ടം കുറയുന്ന സമയം കെട്ടിടം പണിക്ക് പോകും. കാശ് ആവശ്യമായി വരുന്ന സമയത്താണ് മുട്ട എടുക്കാൻ തമിഴ് നാട്ടിൽ പോയിരുന്നത്. മാസത്തിൽ രണ്ട് തവണ എങ്കിലും പോകുമായിരുന്നു. ദൂരസ്ഥലത്ത് ഓട്ടം പോകുമ്പോൾ എനിക്ക് ഭയമാണ്. അതുകൊണ്ട് ഞാൻ ഇടയ്ക്ക് വിളിയ്ക്കും. എന്റെ മൂത്തമകൻ മരിച്ചിട്ട് 12 വർഷം ആയി. അതിനുശേഷമാണ് ഇളയ മകൻ രാജേഷിന്റെ ദൂരയാത്രകളിൽ ഭയം തോന്നിയിരുന്നത്- രാജപ്പൻ പറഞ്ഞു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |