
പൂതുക്കാട്: കാർ പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഓട്ടോ മോഷ്ടിക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾ റിമാൻഡിൽ. തിരൂർ താണിക്കാട് വീട്ടിൽ ഉമ്മർ ഫറൂഖ് (40) , ചൊവ്വല്ലൂർപടി തൈക്കാട് വീട്ടിൽ ഷഫീക്ക് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇടുക്കി രാജാക്കാട് വാരിക്കോട്ട് വീട്ടിൽ അജിത്ത് (30) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതുക്കാട് പൊലീസ് സ്‌റ്റേഷനിൽ കേസെടുത്തത്. അജിത്ത് ഉമ്മർ ഫറൂഖിന്റെയടുത്ത്, പണയം വെച്ച കാർ ഇയാൾ മറ്റുള്ളവർക്ക് ഓടിക്കാൻ നൽകിയിരുന്നു. ഇത് അജിത്ത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം . കാർ തിരികെ തരാമെന്ന് പറഞ്ഞ് പ്രതികൾ അജിത്തിനെ കഴിഞ്ഞ ദിവസം രാത്രി ആമ്പല്ലൂരിലേക്ക് വിളിച്ചുവരുത്തി. അജിത്ത് ഓട്ടോയിൽ ആമ്പല്ലൂരിലെത്തിയ സമയം ഉമ്മർ ഫറൂഖും ഷഫീക്കും കുറച്ചുദൂരം കിഴക്കോട്ട് പോയാൽ കാർ തരാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറി.
ഓട്ടോയിൽ കിഴക്കോട്ട് പോയിക്കൊണ്ടിരിക്കെ രാത്രി 10:10ഓടെ വെണ്ടൂരിൽ ഷഫീക്ക് അജിത്തിനെ കഴുത്തിൽ പിടിച്ച് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി അജിത്ത് സമീപത്തെ ക്ലിനിക്കിലേക്ക് ഓടിക്കയറി. ഈ സമയം പ്രതികൾ ഓട്ടോയുമായി കടന്നുകളഞ്ഞു. പുതുക്കാട് പൊലീസ് സ്‌റ്റേഷൻ എസ്.ഐ എൻ.പ്രദീപ്. ജി.എ.എസ്.ഐ സുഭാഷ് ലാൽ, ഡ്രൈവർ എ.എസ്.ഐ ആന്റോ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |