
കായംകുളം : ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ കണ്ടല്ലൂർ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ പിടിയിലായ തമിഴ്നാട് സ്വദേശി റിമാൻഡിലായി. പരാതിക്കാരനിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങിയ തമിഴ്നാട് കാഞ്ചീപുരം ഇഞ്ചമ്പാക്കം പിള്ളയാർ കോവിൽ സ്ട്രീറ്റിൽ സത്യനാരായണനെയാണ് (60) ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഈ കേസിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഷ്‌താഖ് ബക്കീർ എന്നയാളെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിംഗ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. തുടർന്ന് ഈ ആപ്പിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണമയച്ചു കൊടുത്തു. രണ്ടു മാസത്തിനിടയിൽ 25.5 ലക്ഷം രൂപയാണ് അയച്ചുകൊടുത്തത്. ഇത് വ്യാജ ആപ്പിലെ അക്കൗണ്ടിൽ കാണിക്കാതെ വന്നപ്പോൾ ഇതേക്കുറിച്ചു അന്വേഷിച്ചു. ഇനിയും 28 ലക്ഷം രൂപ കൂടി അയച്ചു തന്നാൽ മുഴുവൻ പണവും ഇരട്ടിയായി തിരികെ നൽകാമെന്ന് തട്ടിപ്പുകാർ അറിച്ചതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 11 ലക്ഷത്തോളം രൂപ പരാതിക്കാരന് ഇതുവരെ തിരികെ കിട്ടി.
ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി സന്തോഷ് എം.എസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി.ജോർജ്ജിന്റെ നേതൃത്വത്തിൽ എസ്.ഐ ശരത്ചന്ദ്രൻ വി.എസ്, എ.എസ്.ഐ അജയകുമാർ എം, സി.പി.ഒമാരായ ഗിരീഷ് എസ്.ആർ, റികാസ് കെ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |