യു.ഡിഎഫ് തീരുമാനം നീളുന്നു
കോട്ടയം :കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ എൽ.ഡി.എഫിൽ ധാരണ. കേരള കോൺഗ്രസ് (എം) പത്ത് സീറ്റിലും, സി.പി.എം 9, സി.പി.ഐ : 4 സീറ്റിലും മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒമ്പതു സീറ്റുകളിൽ വീതമായിരുന്നു സി.പി.എമ്മും മാണി ഗ്രൂപ്പും മത്സരിച്ചത്. പുതുതായി ഒരു ഡിവിഷൻ വർദ്ധിച്ചത് മാണിഗ്രൂപ്പിന് നൽകി. ഇതിനെതിരെ സി.പി.എം പ്രവർത്തകർക്കിടയിൽ മുറുമുറുപ്പ് ഉയർന്നിരുന്നു . ഇതൊഴിവാക്കാനാണ് മാണി ഗ്രൂപ്പിന് നൽകിയ പത്ത് സീറ്റിൽ അയർകുന്നത്ത് പാർട്ടി ചിഹ്നത്തിലല്ലാത്ത സ്വതന്ത്രൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഏറെ ചർച്ചകൾക്കു ശേഷമാണ് മാണി ഗ്രൂപ്പ് ഇതംഗീകരിച്ചത്. സംവരണ സീറ്റായ അയർക്കുന്നത്ത് വനിതാ സ്ഥാനാർത്ഥിയാകും മത്സരിക്കുക.
യു.ഡിഎഫിൽ ജില്ലാ പഞ്ചായത്ത് സീറ്റുവിഭജനം പൂർത്തിയായില്ല. തങ്ങളുടെ ജില്ലാ പ്രസിഡന്റ് അസീസ് ബഡായിക്കായി ഒരു സീറ്റെന്ന ആവശ്യത്തിൽ മുസ്ലീം ലീഗ് ഉറച്ചു നിൽക്കുകയാണ് . ലീഗിന് സീറ്റ് നൽകുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് എതിർപ്പാണ് . കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 14 ന് പകരം 15 സീറ്റിലും കേരള കോൺഗ്രസ് ജോസഫ് എട്ട് സീറ്റിലും മത്സരിക്കാനാണ് ഏകദേശ ധാരണ. ജില്ലയിൽ വലിയ സ്വാധീനമില്ലാത്ത ജോസഫ് ഗ്രൂപ്പിന്റെ ഒരു സീറ്റ് എടുത്ത് നൽകണമെന്ന ലീഗിന്റെ ആവശ്യം ചർച്ചയായെങ്കിലും സീറ്റ് പിടിച്ചെടുക്കുന്നത് ജോസഫ് വിഭാഗം അംഗീകരിച്ചില്ല . ഇതോടെ ചർച്ച വഴിമുട്ടി നിൽക്കുകയാണ്.
മുസ്ലീം ലീഗ് സൗഹൃദ മത്സരം നടത്തുമോയെന്നഭീതിയിൽ വിട്ടുവീഴ്ച വേണമെന്ന വാദവും ഉയർന്നിട്ടുണ്ട്. ലീഗ് ഒറ്റയ്ക്കു മത്സരിച്ചാൽ ജില്ലയിൽ പലയിടത്തും യു.ഡി.എഫിന്റെ ജയസാദ്ധ്യതയെയും ബാധിക്കും.ജില്ലാ പഞ്ചായത്തിന് പകരം ഈരാറ്റുപേട്ട നഗരസഭയിൽ കൂടുതൽ സീറ്റ് നൽകി ലീഗിനെ അനുനയിപ്പിക്കാൻ ശ്രമമുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുമായുണ്ടാക്കിയ മുൻ ധാരണ അനുസരിച്ച് ജില്ലാ പഞ്ചായത്ത് സീറ്റിൽ കടിച്ചുപിടിച്ചു നിൽക്കുകയാണ് ലീഗ് നേതൃത്വം .
#ഇടതു മുന്നണി സീറ്റ് ധാരണ
സി.പി.എം സീറ്റുകൾ
കുമരകം, തലയാഴം, കുറിച്ചി, പുതുപ്പള്ളി, തൃക്കൊടിത്താനം, പാമ്പാടി, പൊൻകുന്നം, മുണ്ടക്കയം, വെള്ളൂർ
കേരള കോൺഗ്രസ് (എം)
അതിരമ്പുഴ, അയർക്കുന്നം, തലനാട് , കിടങ്ങൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം , ഉഴവൂർ, കുറവിലങ്ങാട്, കടുത്തുരുത്തി.
സി.പി.ഐ
വൈക്കം, എരുമേലി, വാകത്താനം, കങ്ങഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |