
വാഷിംഗ്‌ടൺ: നാല് യൂറോപ്യൻ ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീവ്ര വലതുപക്ഷ നേതാവ് ചാർളി കിർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇടതുപക്ഷ ഗ്രൂപ്പുകൾക്കെതിരെയുള്ള ട്രംപിന്റെ പ്രതികാര നടപടി.
യൂറോപ്പ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇടത് സംഘടനകൾക്കെതിരെയാണ് ട്രംപ് നടപടി സ്വീകരിച്ചത്. 2003ൽ യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റിന് സ്ഫോടനദ്രവ്യങ്ങളടങ്ങിയ പാക്കേജുകൾ അയച്ച ഇറ്റാലിയൻ അനാർക്കിസ്റ്റ് ഫ്രണ്ടാണ് തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തിയതിൽ ആദ്യത്തേത്. ഏഥൻസിലെ പൊലീസ് - തൊഴിൽ വകുപ്പ് കെട്ടിടങ്ങൾക്കും പുറത്തും ബോംബുകൾ സ്ഥാപിച്ച രണ്ട് ഗ്രീക്ക് നെറ്റ്‌വർക്കുകൾ, നിയോ- നാസികൾക്കെതിരെ നടത്തിയ ആക്രമണത്തിന് ജർമ്മൻ അധികാരികൾ അംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്ത ഒരു ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പ് എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് സംഘടനകൾ. ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്ക് കഴിഞ്ഞ സെപ്തംബറിലാണ് വെടിയേറ്റ് മരിച്ചത്. ട്രാൻസ്ജെൻഡറുകൾക്കെതിരെ നിലപാടുകൾ സ്വീകരിച്ച ആളാണ് ചാർളി കിർക്ക്.
'ഈ സംഘടനകൾ അമേരിക്കയിലും യൂറോപ്പിലും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നവരാണ്. അത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് താൻ' ട്രംപ് പറഞ്ഞു. ട്രംപ് ഭരണകൂടം ഇതാദ്യമായല്ല ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുന്നത്. ഇതിന് മുമ്പ് ഡെമോക്രാറ്റിക് പാർട്ടി കൂടുതലായി ഉപയോഗിക്കുന്ന പ്രധാന ഫണ്ട്‌റൈസിംഗ് പ്ലാറ്റ്‌ഫോമായ ആക്ട്ബ്ലൂവിനെക്കുറിച്ച് അന്വേഷിക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |