
മലപ്പുറം ചങ്ങരംകുളത്തുകാരൻ താമർ എന്ന ചെറുപ്പക്കാരൻ രചനയും സംവിധാനവും നിർവഹിച്ച 'സർക്കീട്ട് " 56 -ാമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ആഘോഷിക്കപ്പെടുന്നു. പനോരമയിൽ ഇന്ത്യയിലെ മികച്ച 25 സിനിമകളുടെ നിരയിൽ ഇടംപിടിച്ച സർക്കീട്ട് സുവർണമയൂരത്തിന് മത്സരിക്കുന്ന ഏക മലയാള ചിത്രമായി മാറി അഭിനമാനപ്പെരുമയിൽ. ഒരിക്കലും സാദ്ധ്യമാകാൻ ഇടയില്ലെന്ന് ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറഞ്ഞ സർക്കീട്ടിന്റെ പുത്തൻ തിളക്കം 'കേരളകൗമുദി"യോട് താമർ പങ്കുവയ്ക്കുന്നു.
സുവർണമയൂരം സ്വന്തമാക്കാൻ മത്സരിക്കുമ്പോൾ എന്ത് തോന്നുന്നു?
ഒരുപാട് സന്തോഷം . കാരണം പനോരമയിൽ സെലക്ഷൻ ഉണ്ടെന്നാണ് ആദ്യം അറിഞ്ഞത്. ഇന്ത്യയിലെ മികച്ച ഇരുപത്തിയഞ്ച് സിനിമകളുടെ പട്ടികയിൽ സർക്കീട്ട് ഇടം പിടിക്കുന്നു എന്നത് വളരെ സന്തോഷം തരുന്ന ഒന്നാണ്. വ്യക്തിപരമായി ഏറെ സന്തോഷം തരുന്ന മറ്റൊരു കാര്യം കൂടിയുണ്ട് . തക്കാഷി ഉൾപ്പെടെ എന്റെ പ്രിയ സംവിധായകരുടെ സിനിമയോടൊപ്പമാണ് സർക്കീട്ട് മത്സരിക്കുന്നത് .ഒരു സമയത്ത് എന്നെ സ്വാധീനിച്ച സംവിധായകരുടെ സിനിമയോടൊപ്പം ഞാൻ സ്വപ്നംകണ്ട സിനിമയും ഇടം പിടിക്കുന്നതിന്റെ ആഹ്ളാദം വളരെ വലുതാണ്.ഞങ്ങളുടെ ടീം എടുത്ത അധ്വാനത്തിന് ഫലം ലഭിച്ചതിൽ എല്ലാവരും വളരെ അധികം സന്തോഷത്തിൽ.
ഇന്ത്യൻ പനോരമ വരെ സർക്കീട്ട് എത്തുമെന്ന് പ്രതീക്ഷിച്ചതാണോ ?
ഒരിക്കലും വിചാരിച്ചില്ല.കാരണം ഇതേ സമയത്ത് തന്നെ ഞാൻ നിർമ്മാണ പങ്കാളിയായ ഫെമിനിച്ചി ഫാത്തിമയും പനോരമയിലേക്ക് അയച്ചിട്ടുണ്ടായിരുന്നു.ഫാത്തിമക്ക് സെലക്ഷൻ കിട്ടുമെന്ന് ഉറപ്പായിരുന്നു.അതിന് കാരണം ഫാത്തിമ നിരവധി ഫെസ്റ്റിവലുകളിൽ ഇടം പിടിച്ചതാണ് .സർക്കീട്ട് തിയേറ്ററിലും ഒ.ടി.ടി യിലും പോയതിനാൽ അത്ര പ്രതീക്ഷ ഉണ്ടായിരുന്നില്ല.പക്ഷേ പ്രതീക്ഷകൾക്ക് വിപരീതമായി സർക്കീട്ട് ഇടം നേടി . അപ്രതീക്ഷിതമായി സംഭവിച്ച അത്ഭുതംപോലെ ഞങ്ങളെ ഞെട്ടിച്ചു . പിന്നെ ഒരിക്കലും അവാർഡുകൾ പ്രതീക്ഷിച്ച് സിനിമകൾ നിർമ്മിക്കരുത് . അങ്ങനെ ചെയ്താൽ അത് വിജയിക്കണമെന്നില്ല.ചിലപ്പോൾ നിരാശയും തന്നേക്കാം. ആസിഫ് അലിയുടെയും ബാലതാരം ഒാർഹാൻ ഹൈദറിന്റെയും മികച്ച പ്രകടനമാണ് സർക്കീട്ടീന്റെ ഒരു നട്ടെല്ല്.750ലധികം കുട്ടികളിൽനിന്നാണ് ഓർഹാനെ കണ്ടെത്തിയത്. സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത, എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹകൻ അയാസ്, നിർമ്മാതാവ് അജിത്ത് വിനായക തുടങ്ങിയവർക്കെല്ലാം ഈ അംഗീകാരത്തിൽ തുല്യ പങ്കുണ്ട്.
താമറിന്റെ സിനിമകളുടെ ഭൂമിക ദുബായ് ആയി മാറുന്നുണ്ടല്ലേ ?
സിനിമ സ്വപ്നം കണ്ട് കുടുംബവും ജീവിതവും മെച്ചപ്പെടുത്താൻ ഗൾഫിൽ വന്ന ആളാണ് ഞാൻ. ആ സമയത്തു തന്നെ സിനിമ ചെയ്യുക അതിയായ ആഗ്രഹമായിരുന്നു. സത്യം പറഞ്ഞാൽ, സർക്കീട്ട് ആദ്യമായിചെയ്യാൻ വിചാരിച്ച സിനിമയാണ്. അതിനുമുമ്പ് 'ആയിരത്തൊന്ന് നുണകൾ "സംഭവിച്ചു. ജോലിയെ ബാധിക്കാത്ത രീതിയിൽ സിനിമകൾ ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. പിന്നെ ദുബായ്, കേരളത്തിലെ ഭൂരിഭാഗംപേരും ഇന്ന് അവിടെയാണ്.
പലരും കളിയാക്കി പറയാറുണ്ട് ദുബായിയെ കേരളത്തിന്റെ പതിനഞ്ചാമത്തെ ജില്ലയായി മാറ്റണമെന്ന്. അതുകൊണ്ട് ഇവിടുത്തെ ആളുകളുടെ കഥ പറയണം ,അതിൽ നിന്ന് വ്യത്യസ്ഥമായ എന്തെങ്കിലും കണ്ടെത്തണം എന്ന ചിന്തയിൽ നിന്നാണ് എന്റെ രണ്ട് സിനിമകളും ഉദയം കൊണ്ടത്. ഇനിയുള്ള സിനിമകളെല്ലാം നാട്ടിൽ ചെയ്യാനാണ് വിചാരിക്കുന്നത്. സിനിമകളെല്ലാം നാട്ടിൽ ചെയ്യാനാണ് വിചാരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |