
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മൂന്ന് മുന്നണികളുടെയും സീറ്റ് വിഭജനം പൂർത്തിയായി. ഇനി സ്ഥാനാർത്ഥികളെ കണ്ടെത്തിയാൽ മതി. ഇതിനുള്ള ചർച്ചകൾ അതത് പാർട്ടികൾ ആരംഭിച്ചു. ആകെ പതിനേഴ് ഡിവിഷനുകളാണുള്ളത്. ഇതിൽ ഒൻപതും വനിതാ സംവരണമാണ്. ആകെ സീറ്റുകളുടെ എണ്ണം ഒറ്റ സംഖ്യയാണെങ്കിൽ അതിന്റെ പൂർണതയ്ക്കു വേണ്ടി ഇത്തവണ ഒൻപത് സീറ്റുകൾ വനിതാ സംവരണമായി. ഇതോടെ, അദ്ധ്യക്ഷയ്ക്കൊപ്പം പകുതിയിലേറെ അംഗങ്ങളും വനിതകളാകും. കഴിഞ്ഞ തവണ ആകെ 16 ഡിവിഷനുകളായിരുന്നു.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് പാർട്ടികളുടെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയാണ്. കോൺഗ്രസിൽ ചർച്ച നടക്കുന്നു. എൽ.ഡി.എഫ് രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. എൻ.ഡി.എയുടെ സ്ഥാനാർത്ഥി പട്ടിക വൈകും.
കോൺഗ്രസ് : 15, ജോസഫ് വിഭാഗം : 2
യു.ഡി.എഫിൽ കോൺഗ്രസും കേരളകോൺഗ്രസ് ജോസഫ് വിഭാഗവും സീറ്റുകൾ പങ്കിടും. 15 സീറ്റുകളിൽ കോൺഗ്രസ് തനിച്ചു മത്സരിക്കും. പുളിക്കീഴ്, റാന്നി ഡിവിഷനുകൾ ജോസഫ് വിഭാഗത്തിന് നൽകി. മുസ്ളീം ലീഗ് സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും ഗ്രാമ, ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കാമെന്ന നിർദേശം കോൺഗ്രസ് അംഗീകരിച്ചു. കഴിഞ്ഞതവണ ആകെയുണ്ടായിരുന്ന 16 സീറ്റുകളിൽ കോൺഗ്രസ് 14ൽ മത്സരിച്ചു. നാലിൽ ജയിച്ചു. ഏനാത്ത് കൃഷ്ണകുമാർ, പ്രമാടത്ത് റോബിൻ പീറ്റർ, കോന്നിയിൽ അജോമോൻ, റാന്നി അങ്ങാടിയിൽ ജെസി അലക്സ് എന്നിവരാണ് വിജയിച്ചത്, കഴിഞ്ഞ തവണ ജോസഫ് വിഭാഗം രണ്ടു സീറ്റുകളിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
എൽ.ഡി.എഫിൽ അഞ്ച് കക്ഷികൾ മത്സരിക്കും
എൽ.ഡി.എഫിൽ 10 സീറ്റുകളിൽ സി.പി.എം, മൂന്നിൽ സി.പി.ഐ, രണ്ടിടത്ത് കേരളകോൺഗ്രസ് എം, ഒരോ സീറ്റിൽ ജെ.ഡി.എസും ആർ.ജെ.ഡിയും മത്സരിക്കും. ആർ.ജെ.ഡി ആദ്യം സീറ്റു നിഷേധിച്ചത് തർക്കമുണ്ടാക്കി. ആർ.ജെ.ഡി ദേശീയ നേതൃത്വം സി.പി.എം സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് സീറ്റ് അനുവദിച്ചത്.
എൻ.ഡി.എയിൽ തർക്കം
എൻ.ഡി.എയിൽ 13 സീറ്റുകളിൽ ബി.ജെ.പിയും 4ൽ ബി.ഡി.ജെ.എസും മത്സരിക്കും. ആനിക്കാട് ഡിവിഷനിൽ ബി.ഡി.ജെ.എസ് മത്സരിക്കുമെന്ന് ധാരണയായി. ബി.ഡി.ജെ.എസിനുള്ള മറ്റ് മൂന്ന് സീറ്റുകളുടെ കാര്യത്തിൽ ചർച്ച തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |