കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിൽ പെൺകരുത്തുകാട്ടാൻ എൽ.ഡി.എഫ് . ആകെയുള്ള 17 ഡിവിഷനുകളിൽ 15 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ പത്തും സ്ത്രീകളാണ്. തോമാട്ടുചാൽ, മുള്ളൻകൊല്ലി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. പ്രസിഡന്റ് പദവി വനിത സംവരണമായതിനാൽ പരിചയ സമ്പന്നരായ വനിതകളെ അണിനിരത്തിയാണ് എൽ.ഡി.എഫ് രംഗത്തിറങ്ങുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും മീനങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ബീന വിജയൻ ( മീനങ്ങാടി), സംസ്ഥാനത്തെ ആദ്യ വനിത സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന എൻ.പി കുഞ്ഞുമോൾ ( അമ്പലവയൽ) ,പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ്‌റോസ്ന സ്റ്റെഫി ( വൈത്തിരി), പനമരം പഞ്ചായത്ത് മുൻ പ്രസിഡന്റ് ആസിയ ടീച്ചർ ( തരുവണ), എഴുത്തുകാരി റഹീമ വാളാട് (തവിഞ്ഞാൽ), സുധീ രാധാകൃഷ്ണൻ ( വെള്ളമുണ്ട), മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു മനോജ് (നൂൽപ്പുഴ) , അനീറ്റ ഫെലിക്സ് (പനമരം ) , കെ. ഹസീന ( മുട്ടിൽ), ശാരദ മണിയൻ (പടിഞ്ഞാറത്തറ ) എന്നിവരാണ് സ്ഥാനാർത്ഥികളിലെ വനിതകൾ.
മത്സരിക്കുന്ന പുരുഷന്മാരിൽ പ്രമുഖൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിൻ ബേബിയാണ്. എടവകയിലാണ് ജസ്റ്റിൻബേബി മത്സരിക്കുന്നത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ .ആർ ജിതിൻ (തിരുനെല്ലി ), മുൻ കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ബാബു (കേണിച്ചിറ) ,പി എം സുകുമാരൻ (കണിയാമ്പറ്റ ) എന്നിവരും സ്ഥാനാർത്ഥികളാണ്.
തോമാട്ട്ചാലിലും മുള്ളൻകൊല്ലിയിലും തൊട്ടടുത്ത ദിവസം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.തോമാട്ട് ചാലിൽ കോൺഗ്രസിലെ അസംതൃപ്തൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. പതിനെട്ടാം തിയതിയാണ് ജില്ലാ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുക. ഇത്തവണ ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം പിടിച്ചിരിക്കുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തവണ എട്ട് സീറ്റ് കിട്ടിയിട്ടും നറുക്കെടുപ്പിൽ ഭാഗ്യം കൈവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |