മലപ്പുറം: ജില്ലയിലെ യു.ഡി.എഫിലെ പ്രശ്നങ്ങൾ തീർക്കുന്നതിനിടെ കോൺഗ്രസ് നേതൃത്വം ഫലപ്രദമായി ഇടപെടുന്നില്ലെന്ന വികാരവുമായി മുസ്‌ലിം ലീഗ്. വെൽഫെയർ പാർട്ടി, തൃണമൂൽ കോൺഗ്രസ് സഹകരണത്തിലും കോൺഗ്രസ് താത്പര്യം കാണിക്കാത്തത് ലീഗിനെ ചൊടിപ്പിക്കുന്നുണ്ട്. സാമ്പാർ, ജനകീയ മുന്നണികളുടെ പേരിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട ലീഗിന് പല തദ്ദേശ സ്ഥാപനങ്ങളിലും കോൺഗ്രസുമായുള്ള പ്രശ്നങ്ങളാണ് വിലങ്ങാവുന്നത്.
പൊന്മുണ്ടത്ത് മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഡി.സി.സി ജനറൽ സെക്രട്ടറിയുടെയും ബ്ലോക്ക് ഭാരവാഹികളുടെയും നേതൃത്വത്തിൽ ഇന്നലെ കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചതിൽ ലീഗ് ജില്ലാ നേതൃത്വം കടുത്ത അമർഷത്തിലാണ്. ലീഗിന്റേത് ദുർഭരണം ആണെന്നാരോപിച്ച് നവപൊന്മുണ്ടം നിർമ്മിതി യാത്രയെന്ന പേരിലാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചത്. കോൺഗ്രസ്- ലീഗ് തർക്കം പരിഹരിക്കാനുള്ള നേതൃതല ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോൺഗ്രസിന്റെ പദയാത്ര. യാത്രയിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് മുൻനിറുത്തി ലീഗിനെതിരെ പ്രാദേശികമായി പ്രതിഷേധം കടുപ്പിക്കാനാണ് പൊന്മുണ്ടം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. മുന്നണിയില്ലാതെ മത്സരിച്ച കഴിഞ്ഞ തവണ മുസ്‌ലിം ലീഗിന് 12 ഉം കോൺഗ്രസിന് നാലും അംഗങ്ങളാണുള്ളത്.
പൊന്മുണ്ടം പഞ്ചായത്തിൽ സി.പി.എമ്മുമായി സഖ്യം ചേരാനുള്ള നീക്കത്തിലെ കടുത്ത അതൃപ്തി ലീഗ് സംസ്ഥാന നേതൃത്വം കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പി.കെ. കുഞ്ഞാലിക്കുട്ടി, ലീഗ് ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എന്നിവർ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ, ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. പൊന്മുണ്ടത്തെ പ്രശ്നം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കുഞ്ഞാലിക്കുട്ടി കോൺഗ്രസും സി.പി.എമ്മും സഹകരിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അറിയിച്ചു. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാവണമെന്നും കുഞ്ഞാലാക്കുട്ടി ആവശ്യപ്പെട്ടു. രണ്ടുദിവസത്തെ സമയപരിധി കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതോടെ യോഗം പിരിഞ്ഞു.
രഹസ്യമല്ല, പരസ്യബന്ധം
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ നയങ്ങൾ അംഗീകരിക്കുന്ന ആരുമായും സഹകരിക്കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. വെൽഫെയർ പാർട്ടിയുമായി പരസ്യ കൂട്ടുകെട്ടുമായി ലീഗ് മുന്നോട്ടുപോവുന്നുണ്ട്. വെൽഫെയർ പാർട്ടി അധിക സീറ്റ് ആവശ്യപ്പെട്ട ചിലയിടങ്ങളിൽ ലീഗിന്റെ സീറ്റ് വിട്ടുകൊടുത്തിട്ടുണ്ട്. പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചാൽ മലയോര മേഖലകളിലെ സി.പി.എം വാർഡുകൾ പലതും പിടിച്ചെടുക്കാനാവുമെന്നും യു.ഡി.എഫ് വാർഡുകളെ സുരക്ഷിതമാക്കാനും സാധിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. തൃണമൂലുമായി പ്രാദേശിക സഹകരണത്തിന് ലീഗ് ശ്രമിക്കുന്നുണ്ട്. തൃണമൂലിനെ യു.ഡി.എഫുമായി സഹകരിപ്പിക്കാൻ തയ്യാറെങ്കിലും ചില സീറ്റുകൾ വിട്ടുകൊടുക്കാൻ തയ്യാറാണെന്നും ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം മനസ്സ് തുറന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |