SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

തിര‍‍ഞ്ഞെടുപ്പ് ഹരിതമാവണം; ചട്ടങ്ങളുമായി കമ്മിഷൻ

Increase Font Size Decrease Font Size Print Page

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. ഹൈക്കോടതിയുടെ ഉത്തരവുകൾ, കേന്ദ്രസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകളുടെ മാർഗനിർദേശങ്ങൾ, സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ എന്നിവ പ്രകാരം തിരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചാരണ പ്രവർത്തനങ്ങൾക്കും പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും കഴിയുന്നിടത്തോളം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകൃതി സൗഹൃദ സാധന സാമഗ്രികൾ മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന രീതിയിലുള്ള തിരഞ്ഞെടുപ്പിനെയാണ് ഹരിത തിരഞ്ഞെടുപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന പുതിയ നിയമ ഭേദഗതി (2024 ലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി ആക്ട്, കേരള മുനിസിപ്പാലിറ്റി ഭേദഗതി ആക്ട്) അനുസരിച്ച് പൊതു/സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചറിയുന്നവർക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5,​000 വരെ ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി പിഴ 50,000 രൂപ വരെയും ഒരു വർഷം വരെ തടവും ആക്കിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ പ്രചാരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടി തോരണങ്ങൾ പൂർണ്ണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാക്കേണ്ടതാണ്. പകരം തുണിയിലോ പേപ്പറിലോ നിർമ്മിക്കാം.

* ഓരോ രാഷ്ട്രീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ഓഫീസുകളിൽ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകൾ, ഭക്ഷണ പാനീയ വിതരണത്തിന് കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ സ്വന്തം നിലയിൽ സജ്ജീകരിക്കേണ്ടതാണ്.

* പ്രചരണ പ്രവർത്തനങ്ങളിൽ ശബ്ദ മലീനകരണം ഒഴിവാക്കേണ്ടതും നിയമം അനുശാസിക്കുന്ന വിധത്തിൽ മാത്രം ലൗഡ്സ്പീക്കർ, പബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം തുടങ്ങിയവ ഉപയോഗിക്കേണ്ടതാണ്.

* വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ അതാത് സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട എല്ലാത്തരം സാമഗ്രികളും ശേഖരിച്ച് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ സേനയ്ക്ക് യൂസർഫീ സഹിതം കൈമാറണം.

* പോളിംഗ് സ്റ്റേഷനുകളിലും വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ് വോട്ടെണ്ണൽ ദിവസങ്ങളിൽ ജൈവഅജൈവ വസ്തുക്കൾ വെവ്വേറെ നിക്ഷേപിക്കുന്നതിന് വേണ്ട ബിന്നുകൾ സ്ഥാപിക്കുന്നതിന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.

* പോളിംഗ് ബൂത്തുകൾ/വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY