
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ട്രൈ അസിറ്റോൺ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) സ്‌ഫോടകവസ്തുവായിരിക്കാം പ്രതികൾ ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. സാത്താന്റെ മാതാവ് (മദർ ഒഫ് സാത്താൻ) എന്നാണിത് എന്നറിയപ്പെടുന്നത്. ഡിറ്റോനേറ്റർ ഇല്ലാതെ തന്നെ ചൂടുകൊണ്ട് പൊട്ടിത്തെറിക്കുന്ന തരം സ്‌ഫോടകവസ്തുവാണിത്. ഡൽഹി സ്‌ഫോടനത്തിനായി ഉപയോഗിച്ചത് ഇതുതന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയിലാണ് ഫോറൻസിക് വിദഗ്ദ്ധർ.
സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ് ആയിരിക്കാം ഉപയോഗിച്ചതെന്നായിരുന്നു പൊലീസ് നേരത്തെ സംശയിച്ചിരുന്നത്. സ്‌ഫോടനത്തിനായി ഉപയോഗിച്ച കാർ ഓടിച്ചിരുന്ന ഡോ. ഉമർ മുഹമ്മദിന് ടിഎടിപിയുടെ സ്‌ഫോടനശേഷിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മദർ ഒഫ് സാത്താൻ
വളരെ പ്രതികരണശേഷിയുള്ള സ്ഫോടകവസ്തുവായാണ് ടിഎടിപിയെ വിദഗ്ദ്ധർ കണക്കാക്കുന്നത്. ഘർഷണം, മർദ്ദം, താപനിലയിലെ വർദ്ധനവ് എന്നിങ്ങനെ ഭൗതിക പരിതസ്ഥിതിയിലെ ഏത് മാറ്റവും സ്ഫോടനത്തിന് കാരണമാകാം. രാസപരമായും താപപരമായും സ്ഥിരതയുള്ളതും ബാഹ്യ സ്ഫോടനം ആവശ്യമുള്ളതുമായ അമോണിയം നൈട്രേറ്റിൽ നിന്ന് വ്യത്യസ്തമായി ടിഎടിപിക്ക് ഡിറ്റോനേറ്റർ ആവശ്യമില്ല.
നിയമവിരുദ്ധ ബോംബ് നിർമ്മാണത്തിനായി വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് ടിഎടിപി 'സാത്താന്റെ മാതാവ്' എന്നറിയപ്പെടുന്നത്. 2017ലെ ബാഴ്‌സലോണ ആക്രമണം, 2015ലെ പാരീസ് ആക്രമണം, 2017ലെ മാഞ്ചസ്റ്റർ സ്ഫോടനം, 2016ലെ ബ്രസ്സൽസ് സ്ഫോടനം എന്നിവിടങ്ങളിൽ ടിഎടിപിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇത്തരം സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്നവർക്ക് തീവ്രവാദ പരിശീലനം ലഭിച്ചിട്ടുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
ശക്തമായ ഷോക്ക് വേവുകൾ പുറപ്പെടുവിക്കാൻ കഴിവുള്ള സ്‌ഫോടകവസ്തുവാണ് ടിഎടിപി. ഡൽഹി സ്ഫോടനം നടന്ന സ്ഥലത്തെ നാശനഷ്ടങ്ങളുടെ പാറ്റേണുകൾ ടിഎടിപിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്ഫോടകവസ്തു ചൂടിന് വിധേയമായി പൊട്ടിത്തെറിച്ചതോ വാഹനത്തിനുള്ളിൽതന്നെ വിഘടിച്ചതോ ആകാമെന്നാണ് സ്ഫോടനത്തിന്റെ തീവ്രത സൂചിപ്പിക്കുന്നത്. മറ്റൊരു വലിയ തീവ്രവാദ ഓപ്പറേഷനുവേണ്ടി കൊണ്ടുപോകുമ്പോൾ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണോ എന്നും ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്.
ടിഎടിപി നിർമ്മിക്കുന്നതിന് ഒന്നിലധികം ചേരുവകൾ ആവശ്യമായതിനാൽ രാസവസ്തുക്കൾ ഉമർ എങ്ങനെ ശേഖരിച്ചുവെന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. ഉമറിന് പുറമെ നിന്ന് പിന്തുണ ലഭിച്ചോ അതോ സ്ഫോടകവസ്തു തയ്യാറാക്കുന്നതിൽ മറ്റുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിന് മുമ്പുള്ള ഉമറിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായി ഡിജിറ്റൽ ട്രെയിലുകൾ, യാത്രാ രേഖകൾ, ആശയവിനിമയത്തിന്റെ വിവരങ്ങൾ എന്നിവ അവലോകനം ചെയ്യുകയാണ് ഡൽഹി പൊലീസും കേന്ദ്ര ഏജൻസികളും.
നവംബർ 10ന് നടന്ന സംഭവങ്ങളുടെ ക്രമം പരിശോധിച്ചതിലൂടെ സ്ഫോടനത്തിന് മുമ്പ് ഉമർ ഡൽഹിയിലെ തിരക്കേറിയ വഴികളിലൂടെ ദീർഘനേരം വാഹനമോടിച്ചതായി അന്വേഷണ സംഘം വിലയിരുത്തുന്നു. എന്നാൽ കാറിൽ മണിക്കൂറുകളോളം സ്‌ഫോടകവസ്തു എങ്ങനെ പൊട്ടിത്തെറിക്കാതെ തുടർന്നു എന്നത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടർമാരും ഉമറിന്റെ സഹപ്രവർത്തകരുമായ ഷഹീൻ സയീദ്, മുസമ്മിൽ ഷക്കീൽ, ആദിൽ റാത്തർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ വിവിധ ഇടങ്ങളിൽ ഒരു സ്ഫോടന പരമ്പര നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികൾ വാടകയ്‌ക്കെടുത്ത വീടുകളിൽ നിന്ന് ഏകദേശം 3,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും ബോംബ് നിർമ്മാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികൾക്ക് ജെയ്‌ഷെ ബന്ധമുള്ളതായും അന്വേഷണ സംഘം സംശയിക്കുന്നു. സയീദിന്റെ കാറിൽ നിന്ന് ഒരു റൈഫിളും വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. അൽ ഫലാ യൂണിവേഴ്‌സിറ്റിയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പലരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് എൻ.ഐ.എ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |