
മലയാളത്തിൽ മോഹൻലാൽ ഉൾപ്പെടെയുളള സൂപ്പർസ്റ്റാറുകളുടെ ചിത്രത്തിൽ ഐറ്റം ഗാനങ്ങളിലുടെ സുപരിചിതയായ നടിമാരിലൊരാണ് മുംതാസ്. മോഹൻലാലിന്റെ താണ്ഡവം എന്ന ചിത്രത്തിലെ ഒരു ഗാനത്തിൽ മുംതാസിന്റെ പ്രകടനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് നടിയുടെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഷ്‌റഫ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നടി മോഹിനിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
'വിജയ് നായകനായ ഖുഷിയെന്ന തമിഴ് ചിത്രത്തിലെ ഐറ്റം ഗാനത്തിലൂടെ ആരാധകർക്ക് പ്രിയങ്കരിയായി മാറിയ മാദക നടിയാണ് മുംതാസ്. ഒരൊറ്റ ഗാനം കൊണ്ട് അവർ ദക്ഷിണേന്ത്യയിലെ മുഴുവൻ യുവാക്കളുടെയും ഹരമായി മാറി. മലയാളത്തിൽ മോഹൻലാലിന്റെ താണ്ഡവം എന്ന ചിത്രത്തിലും അവർ ഐറ്റം ഗാനം ചെയ്തിരുന്നു. ലൈംഗിക താൽപര്യത്തോടെ സംവിധായകർ ഉൾപ്പെടെയുളളവർ തന്നെ സമീപിച്ചിട്ടുണ്ടെന്നും ശല്യം കൂടിയതോടെ ഒരു സംവിധായകനെ ചെരുപ്പൂരി അടിച്ചെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
ഈ വിഷയം നടികർ സംഘത്തിന്റെ ഇടപെടലിൽ പരിഹരിച്ചിട്ടുണ്ടെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. മീ ടൂ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ആർക്കും അതിനുളള അവസരം കൊടുത്തിട്ടില്ലെന്നും നടി പറഞ്ഞു. ഇരകളാകാൻ നിന്നുകൊടുക്കരുതെന്നാണ് മുംതാസ് മറ്റ് നടിമാർക്ക് കൊടുക്കുന്ന ഉപദേശം. അവർ ഓഡീഷന് പോകുമ്പോൾ അമ്മയെ കൂടെ കൂട്ടുമെന്നും അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് കൂടെ വരാൻ സാധിക്കാതെ വരുമ്പോൾ കൈയിൽ മുളകുപൊടി കരുതുമെന്നും അവർ മുംതാസ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. നിർമാതാക്കളും സംവിധായകൻമാരും നടൻമാരും ഉൾപ്പെടെയുളളവർ നടിമാരെ വേശ്യമാരായാണ് നോക്കിക്കാണുന്നതെന്ന് അവർ പറഞ്ഞിട്ടുണ്ട്.
ഏഴുപ്രാവശ്യം ജീവനൊടുക്കാൻ ശ്രമിച്ച നടിയാണ് മോഹിനി. മോഹൻലാലിന്റെയും ദിലീപിന്റെയും ഉൾപ്പെടെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ നടി. തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 1991ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഈറമാന റോജാവേ ആയിരുന്നു മോഹിനിയുടെ ആദ്യ തമിഴ് ചിത്രം. ആ ചിത്രത്തിൽ തനിക്കൊപ്പം അഭിനയിച്ച ശ്രീവിദ്യയുമായുളള സൗഹൃദം അവരുടെ മരണം വരെ മോഹിനി കാത്തുസൂക്ഷിച്ചിരുന്നു.
ശ്രീവിദ്യ മരിക്കുന്നതിന് ഒരാഴ്ച മുൻപ് നടൻ കമലഹാസനെ വിളിച്ചതുപോലെ അവർ മോഹിനിയെയും വിളിച്ചിരുന്നു.സിനിമയിൽ സജീവമായിരുന്ന സമയത്തായിരുന്നു മോഹിനിയുടെ വിവാഹം. അന്ന് അവർക്ക് 22 വയസായിരുന്നു. വിവാഹത്തിനുശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത് നല്ലൊരു കുടുംബിനിയായി അവർ ജീവിതം ആരംഭിച്ചു. അതിനിടയിലാണ് അവർക്ക് വിഷാദരോഗം പിടിപ്പെട്ടത്. ഹോർമോൺ വ്യതിയാനം മൂലമാണ് വിഷാദമെന്നാണ് നടി ആദ്യം വിചാരിച്ചിരുന്നത്. അതിനിടയിൽ അവരൊരു ജ്യോത്സ്യനെ കണ്ടു. ഭർത്താവിന്റെ ഒരു ബന്ധു തനിക്കും കുടുംബത്തിനുമെതിരെ നിരന്തരമായി കൂടോത്രം ചെയ്യുന്നുണ്ടെന്ന് ജ്യോത്സ്യൻ മോഹിനിയോട് പറഞ്ഞു. ആദ്യമൊന്നും താനത് വിശ്വസിച്ചിരുന്നില്ലെന്നും പിന്നീട് പ്രശ്നം ഗുരുതരമായതോടെയാണ് വിശ്വസിച്ചതെന്നും മോഹിനി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വായനാശീലമുളള മോഹിനി ഇടയ്ക്ക് ബൈബിൾ വായിക്കാൻ ആരംഭിച്ചു. നല്ല ശക്തികളുണ്ടെന്ന് വിശ്വസിക്കുന്നതുപോലെ മോശം ശക്തികളുണ്ടെന്ന് മനസിലാക്കാനും അവർക്ക് സാധിച്ചു. അങ്ങനെ അവർ ക്രിസ്തു മതത്തിൽ വിശ്വസിക്കാൻ തുടങ്ങി'- ആലപ്പി അഷ്‌റഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |